സംസാര-ശ്രവണ പരിമിതിയുള്ള ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ യാത്രക്കാരന് നൽകിയ മികച്ച സേവനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി വിമാനത്താവളത്തിലെ ബാഗേജ് ചെക്ക്-ഇൻ കൗണ്ടറിലെ ജീവനക്കാരനായ അജ്മലിൻറെ സ്തുത്യർഹമായ സേവനമാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കിയത്.
അമൻ സിങ് എന്ന യാത്രക്കാരനാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചത്. “ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് കാരുണ്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് അമൻ വീഡിയോ പോസ്റ്റ് ചെയ്തത്.
ശാരീരികമായ പരിമിതികൾ ഉണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരിയോടെയും തികഞ്ഞ കാര്യക്ഷമതയോടെയുമാണ് അജ്മൽ യാത്രക്കാരെ സഹായിക്കുന്നത്. അജ്മലിന്റെ വസ്ത്രത്തിൽ ധരിച്ചിരുന്ന ബാഡ്ജിൽ “എനിക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല, എങ്കിലും നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ” എന്ന് എഴുതിയിരുന്നു.
“ഇന്ന് എനിക്കുള്ള പ്രചോദനം ലഭിച്ചത് ഏതെങ്കിലും ഒരു കോടീശ്വരനിൽ നിന്നല്ല. ആശയവിനിമയം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് കാണിച്ചുതന്ന ഒരാളിൽ നിന്നാണ്. സംസാരിക്കാനും കേൾക്കാനും കഴിയുന്ന പലരേക്കാളും മികച്ച രീതിയിലാണ് അദ്ദേഹം എന്നോട് ആശയവിനിമയം നടത്തിയത്. എന്റെ ഇന്നത്തെ ദിവസം അദ്ദേഹം അത്രമേൽ മനോഹരമാക്കിയെന്നാണ് അജ്മലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അമൻ സിങ് കുറിച്ചത്.
വീഡിയോയുടെ അവസാനം അമൻ അജ്മലിന് നന്ദി പറയുകയും ഹസ്തദാനം നൽകുകയും ചെയ്യുന്നത് കാണാം.വീഡിയോ തരംഗമായതോടെ ഇൻഡിഗോയുടെ ഈ മാതൃകാപരമായ പങ്കാളിത്ത നയത്തെയും അജ്മലിനെയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. കോഴിക്കോട്, ജമ്മു വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ ഇൻഡിഗോ ജീവനക്കാർ തങ്ങളെ ക്ഷമയോടെ സഹായിച്ചിട്ടുണ്ടെന്ന് മറ്റ് പല യാത്രക്കാരും കമന്റുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
