കോട്ടയം: പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കമ്പനിയിൽ സഹോദരന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശിയും പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കന്പനി ജീവനക്കാരനുമായ മഹൻ ബറുവ (47) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയുടെ സഹോദരനും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന നയൻ ബറുവ (32) ആണ് അറസ്റ്റിലായത്. ഇവരുടെ അച്ഛനും ഇതേ കമ്പനിയിൽ തന്നെ ജോലി നോക്കുകയാണ്.
കമ്പനിയിലെ താമസമുറിയെ സംബന്ധിച്ച തർക്കവും മഹൻ ബറുവ മദ്യലഹരിയിൽ പ്രതിയെ ചീത്തവിളിച്ചതിലുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മഹൻ ബറുവയെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
