വാഷിംഗ്ടൺ ഡിസി: ചികിത്സ തേടിയെത്തുന്ന രോഗികളെ വെറും പണയപ്പണ്ടങ്ങളാക്കി, മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് കോടികൾ തട്ടിയെടുക്കുന്ന മാഫിയകൾ ഇന്നു ലോകമെമ്പാടും വ്യാപകമാണ്. സ്വകാര്യ ആശുപത്രികളാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ധാരാളം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിലെ നെവാദയിൽനിന്നു പുറത്തുവരുന്നത് ഇത്തരമൊരു വൻകിട തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുറിവുകൾക്കു ചികിത്സിക്കുന്ന പ്രത്യേക ക്ലിനിക്കുകളുടെ (Wound Care Clinics) മറവിൽ 49-കാരിയായ മെഡിക്കൽ ഡയറക്ടർ തട്ടിയെടുത്തത് നിസാരതുകയല്ല, ഏകദേശം 2,800 കോടിയിലേറെ രൂപ! ഇവരിൽനിന്ന് അഞ്ചു കോടിയിലേറെ രൂപ വിലമതിക്കുന്ന ഫെരാരി 296 ജിടിഎസ് ഉൾപ്പെടെ എട്ടോളം കാറുകൾ. ഏകദേശം 7.2 കോടി രൂപ വിലമതിക്കുന്ന പ്രശസ്തമായ ബൾഗാരി നെക്ലേസ് ഉൾപ്പെടെയുള്ള അമൂല്യ രത്നാഭരണങ്ങൾ. 290 കോടിയിലധികം രൂപ മൂല്യം വരുന്ന വസ്തുവകകൾ, കൂടാതെ നാലു കോടി രൂപയുടെ കറൻസികൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രമുഖ യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആസൂത്രിതമായി നടത്തിവന്ന സാമ്പത്തിക തട്ടിപ്പാണ് ഇപ്പോൾ പ്രത്യേക അന്വേഷണസംഘം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി നാലോളം മുറിവ് പരിചരണ ക്ലിനിക്കുകൾ നടത്തുന്ന സ്ത്രീ, പ്രധാനമായും ലക്ഷ്യമിട്ടത് പ്രായമായ ഇൻഷുറൻസ് പോളിസി ഉടമകളെയായിരുന്നു.
അത്ര ഗുരുതരമല്ലാത്ത മുറിവുകളുള്ള പ്രായമായവരെ കണ്ടെത്തി, അവർക്ക് അനാവശ്യവും ചെലവേറിയതുമായ ചികിത്സകൾ നിർദേശിക്കുകയായിരുന്നു ഇവരുടെ രീതി. മനുഷ്യദാതാക്കളിൽനിന്ന് ശേഖരിക്കുന്ന കോശങ്ങൾ (Human donor tissue) ഉപയോഗിച്ചുള്ള വൂണ്ട് ഗ്രാഫ്റ്റ് (Wound Grafts) പോലുള്ള അത്യന്തം സങ്കീർണവും ചെലവേറിയതുമായ ചികിത്സകളാണ് രോഗികളിൽ അടിച്ചേൽപ്പിച്ചത്. ഇതിനായി രോഗികളുടെ മെഡിക്കൽ രേഖകൾ തിരുത്തുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്തു. ചികിത്സകൾ ഫലപ്രദമല്ലാത്ത മുറിവുകളാണെന്ന് വരുത്തിതീർക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
രോഗികളെ തന്റെ ക്ലിനിക്കുകളിലേക്ക് ശിപാർശ ചെയ്യുന്നതിനായി വൻ തുകയുടെ കൈക്കൂലി ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മരുന്നുകൾ, വൂണ്ട് ഗ്രാഫ്റ്റുകൾ തുടങ്ങിയ ഇടപാടുമായി ബന്ധപ്പെട്ട് വിതരണക്കാരിൽനിന്ന് കമ്മീഷൻ കൈപ്പറ്റിതായും പോലീസ് കണ്ടെത്തി. ആകെ 8,500 കോടിയിലേറെ രൂപയുടെ വ്യാജ ക്ലെയിമുകളാണ് ഇവർ സമർപ്പിച്ചത്. ഇതിൽ 2,800 കോടിയിലേറെ രൂപ ഇൻഷുറൻസ് കമ്പനികൾ ഇവർക്ക് അനുവദിച്ചു നൽകുകയും ചെയ്തു. സർക്കാർ ഫണ്ടുകളായ മെഡികെയർ, സൈനികർക്കായുള്ള ട്രൈകെയർ എന്നീ പദ്ധതികളിൽനിന്നാണ് ഇവർ കോടികൾ വെട്ടിച്ചത്.
യുഎസിലെ വൻകിട ഹെൽത്ത് കെയർ തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ഡയറക്ടറെ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ വൻ പരിശോധനയിൽ 455-ലേറെ പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെല്ലാവരുംകൂടി 54,000 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ.
