പരവൂർ: സാധാരണയിൽ താഴെയുള്ള മൺസൂൺ മഴയെത്തുടർന്ന് രാജ്യത്ത് ജൂലൈ ആദ്യ പകുതിയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വൻ വർധന രേഖപ്പെടുത്തി.മഴ കുറഞ്ഞതോടെ കാർഷിക ആവശ്യങ്ങൾക്കായി കർഷകർ വലിയ തോതിൽ ഇന്ധന പമ്പുകൾ ഉപയോഗിച്ചതും വാഹന ഉടമകളിൽ നിന്നുള്ള ആവശ്യം വർധിച്ചതുമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം ഉയരാൻ കാരണമായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ കമ്പനികളുടെ പ്രാഥമിക വിൽപ്പന ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്നു മുതൽ 15 വരെയുള്ള കാലയളവിൽ പൊതുമേഖലാ കമ്പനികളുടെ പെട്രോൾ വിൽപ്പന 22.9 ശതമാനം വർധിച്ച് 1.63 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.33 ദശലക്ഷം ടണ്ണായിരുന്നു. എന്നാൽ, സ്കൂൾ-കോളേജ് അവധിക്കാല യാത്രകൾ സജീവമായിരുന്ന ജൂൺ മാസത്തെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ വിൽപ്പനയിൽ 4.4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ ആദ്യവാരം 1.71 ദശലക്ഷം ടണ്ണായിരുന്നു പെട്രോൾ വിൽപ്പന.
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെയും വ്യവസായ പുരോഗതിയുടെയും പ്രധാന സൂചകമായ ഡീസൽ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.9 ശതമാനത്തിന്റെ വലിയ കുതിച്ചുചാട്ടമാണുണ്ടായത്.ജൂലൈയിലെ ആദ്യ രണ്ടാഴ്ചയിൽ ഡീസൽ ഉപഭോഗം 3.46 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 2.87 ദശലക്ഷം ടണ്ണായിരുന്നു. സാധാരണയായി മൺസൂൺ ശക്തമാകുന്നതോടെ കാർഷിക ആവശ്യങ്ങൾ കുറയുകയും വാഹന ഗതാഗതം മന്ദഗതിയിലാവുകയും ചെയ്യാറുണ്ട്.
എന്നാൽ ഈ വർഷം മൺസൂൺ മഴ വൈകിയെത്തിയതാണ് ഡീസൽ വിൽപന ഇത്രയധികം ഉയരാൻ കാരണമായത്. അതേസമയം, ജൂൺ ആദ്യ പകുതിയിലെ 3.94 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ അടിസ്ഥാനത്തിൽ ഡീസൽ വിൽപ്പനയിൽ 12.1 ശതമാനം കുറവ് വന്നിട്ടുണ്ട്.വ്യോമയാന മേഖലയിലെ ഇന്ധനമായ ജെറ്റ് ഇന്ധന വിൽപ്പനയിൽ ജൂലൈ ആദ്യ പകുതിയിൽ 0.7 ശതമാനത്തിന്റെ നേരിയ വർധന രേഖപ്പെടുത്തി 315,400 ടണ്ണിലെത്തി. എന്നാൽ, ജൂൺ ആദ്യ പകുതിയിലെ 351,400 ടണ്ണിനെ അപേക്ഷിച്ച് ഇതിൽ 10.3 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വാർഷിക വിൽപ്പനയിൽ 17.5 ശതമാനം ഇടിവോടെ 1.14 ദശലക്ഷം ടണ്ണായി കുറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് എൽപിജി വിൽപന കുറയാൻ പ്രധാന കാരണം. ഇതേത്തുടർന്ന് മുൻപ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഏർപ്പെടുത്തിയിരുന്ന ഉപഭോഗ നിയന്ത്രണങ്ങൾ ഈ മാസം നീക്കിയതോടെ, ജൂൺ ആദ്യ പകുതിയെ അപേക്ഷിച്ച് വിൽപനയിൽ 1.7 ശതമാനത്തിന്റെ നേരിയ പുരോഗതി ദൃശ്യമായിട്ടുണ്ട്.
