ഉയർന്ന വിദ്യാഭ്യാസത്തിനും സ്വപ്നസാക്ഷാത്കാരത്തിനുമായി സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിക്കാൻ എത്രപേർ തയ്യാറാകും? അത്തരമൊരു ധീരമായ തീരുമാനം എടുത്തതിലൂടെ തനിക്ക് 74 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമിത് സോണി എന്ന യുവാവ്.
ഐഐഎം അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാമിന് പ്രവേശനം ലഭിച്ചതോടെയാണ് അസിസ്റ്റന്റ് കമാൻഡന്റ് പദവിയിലുണ്ടായിരുന്ന അമിത് തന്റെ ജോലി രാജിവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ ഈ അപൂർവ്വമായ മാറ്റത്തിന്റെ കഥയും അതിനായി വന്ന ചെലവുകളുടെ കണക്കുകളും പങ്കുവെച്ചത്.
മറ്റൊരു ബാക്കപ്പ് പ്ലാനോ സംശയങ്ങളോ ഇല്ലാതെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ അമിത് സോണി, ഇതിനായി തനിക്കുണ്ടായ ചിലവുകളുടെ കൃത്യമായ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഐഐഎം അഹമ്മദാബാദിലെ പിജിപിഎക്സ് കോഴ്സ് ഫീസായി 37.10 ലക്ഷം രൂപ.ഇന്റർനാഷണൽ ഇമ്മേർഷൻ ചിലവുകൾ 4.5 ലക്ഷം രൂപ.
ഒരു വർഷത്തെ ജീവിതച്ചിലവുകൾക്കായി 2.5 ലക്ഷം രൂപ. സർക്കാർ ജോലി രാജിവെച്ച വകയിൽ ബോണ്ട് തുകയായി അടയ്ക്കേണ്ടി വന്നത് 9.80 ലക്ഷം രൂപ. കോഴ്സ് ചെയ്യുന്ന ഒരു വർഷക്കാലം ജോലിയിലുണ്ടായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഏകദേശം 20 ലക്ഷം രൂപ.ഇവയെല്ലാം ചേർത്താണ് മൊത്തം ചിലവ് 74 ലക്ഷം രൂപയോളമായതെന്ന് അമിത് വ്യക്തമാക്കുന്നു.
ഇത്രയും വലിയൊരു തുക സാമ്പത്തികമായി ചിലവഴിക്കേണ്ടി വന്നിട്ടും തന്റെ തീരുമാനത്തിൽ ഒട്ടും ഖേദമില്ലെന്നാണ് അമിത് സോണി പറയുന്നത്. ഇത്തരം വലിയ തീരുമാനങ്ങളെ വെറും പണത്തിന്റെ മൂല്യം കൊണ്ട് മാത്രം അളക്കാൻ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്വന്തം കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുമ്പോൾ ലഭിക്കുന്ന വ്യക്തിത്വ വികാസവും, പുതിയ അവസരങ്ങളും, ജീവിതത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങളുമാണ് ഇതിന്റെ യഥാർഥ പ്രതിഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിഫോമിൽ നിന്നും കോർപ്പറേറ്റ് ബോർഡ്രൂമിലേക്കുള്ള തന്റെ ഔദ്യോഗിക ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണിതെന്നും അമിത് വിശേഷിപ്പിച്ചു. അമിത് സോണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ധീരതയെ പലരും പ്രശംസിക്കുമ്പോൾ, സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിച്ച് ഉയർന്ന പഠനത്തിനായി ഇത്രയും വലിയ തുക മുടക്കുന്നത് ലാഭകരമാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്.
