പാലാ: നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം.ചെയര്പേഴ്സനെതിരേയുള്ള അവിശ്വാസം വിജയിക്കണമെങ്കില്‍ 14 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ.
എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടു പേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്കിയാല് അത് ലംഘിക്കുന്നതിന് അംഗങ്ങള്‍ക്ക് തടസമാവും. വിപ്പ് ലംഘിച്ചാല്‍ കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാവുകയും ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തുകയും അഭിപ്രായം കേള്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ആറു കൗണ്‍സിലര്‍മാരും ചെയര്പേഴ്സനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സ്വതന്ത്ര മുന്നണി നേതാക്കളുമായും ജോസഫ് വാഴയ്ക്കന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിനെ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെടുത്തിട്ടുണ്ട്.
പാലായിലെ യുഡിഎഫ് ഭരണം നിലനിര്‍ത്തണമെന്നാണ് മൂന്ന് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിന്റെ നിലപാട്.26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് -എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് ആറ്, കേരളാ കോണ്‍ഗ്രസ് മൂന്ന്, സ്വതന്ത്ര മുന്നണി -മൂന്ന്, കെഡിപി -ഒന്ന്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുണ്ടായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ ശേഷമാണ് സ്വതന്ത്ര മുന്നണി യുഡിഎഫിനൊപ്പം ചേര്‍ന്നതെന്നതും യുഡിഎഫ് ഈ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്നതും പ്രത്യേകതയാണ്. തുടര്‍ന്ന് ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനമേല്ക്കയായിരുന്നു.
ഭരണമാരംഭിച്ച് അധികം വൈകാതെ തന്നെ യുഡിഎഫിനുള്ളില്‍ അഭിപ്രായഭിന്നതകള്‍ രൂപപ്പെടുകയും രണ്ട് പോലീസ് കേസുകള്‍ ഉണ്ടാവുകയും ചെയ്തു. അത് ഭരണത്തിന്റെ സ്ഥിരതയെ ബാധിക്കുകയും ഒടുവില്‍ ചെയര്‍പേഴ്സണില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരളാ കോണ്‍ഗ്രസ് എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
യുഡിഎഫിലെ പടലപിണക്കം മുതലാക്കാന്‍ അവിശ്വാസം കൊണ്ടു വന്ന എല്‍ഡിഎഫിന് അധികാരത്തില്‍ വരണമെന്ന ലക്ഷ്യമില്ലെന്നും പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കുകയാണ് ചെയ്യുന്നതെന്നും ഉറപ്പിച്ച് പറയുന്നു. ഏതായാലും അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പും അതിന് പിന്നാലെയുള്ള ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പും പാലാ നഗരസഭയിലെ അധികാര സമവാക്യങ്ങള്‍ നിര്ണയിക്കുന്നതായിരിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
