കോട്ടയം: പ്രായം 64, പക്ഷേ, ചെസ് ബോര്‍ഡ് തുറന്ന് കരുക്കള്‍ നിരത്തിക്കഴിഞ്ഞാല്‍ പിന്നെ അന്നത്തെ ഏഴാം ക്ലാസുകാരനാകും. ചെസ് കളിക്കാന്‍ തുടങ്ങിയ കാലത്തെന്നപോലെ സൂക്ഷമതയോടെ കരുക്കള്‍ നീക്കും. ഒടുവില്‍ വിജയിച്ചേ മടങ്ങൂ. സംസാരിക്കാനോ, കേള്‍ക്കാനോ കഴിയാത്ത പാമ്പാടി കോത്തല സ്വദേശി എ. രഘുനാഥനാണിത്. കോട്ടയം ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ എല്ലാ വര്‍ഷവും ചെസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരന് ഇദ്ദേഹമാണ്. 2014 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഒന്നാം സ്ഥാനം രഘുനാഥ് വിട്ടു നല്‍കിയത്. ഇത്തവണയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇദ്ദേഹമാണ്.
മുളയ്ക്കല്‍ അയ്യാക്കുട്ടി ചെട്ടിയാരുടെയും ചെല്ലമ്മാളിന്റെയും നാലു മക്കളില്‍ മൂത്തയാളാണ് രഘുനാഥന്. ഏഴാം ക്ലാസുവരെ തിരുവല്ലയിലെ കേള്‍വിയും സംസാരവുമില്ലാത്തവര്ക്കായുള്ള സ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്നും രഘുനാഥനും മകനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്ന് മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.
പക്ഷേ, അന്നത്തെ സാഹചര്യങ്ങളൊന്നും അനുകൂലമായില്ല. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ സഹോദരങ്ങളായ രാമനാഥനും അനിതയും രാമദാസും സമപ്രായക്കാരും സ്കൂളിലേക്കു പോയി. കുഞ്ഞു രഘുനാഥനത് സങ്കടത്തോടെ നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. വീട്ടിലെ ഒറ്റയ്ക്കിരിപ്പ് വല്ലാതെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനോട് സങ്കടം പറഞ്ഞു. അങ്ങനെയാണ് ആദ്യമായി ചെസ് ബോര്‍ഡും കരുക്കളും രഘുനാഥന്റെ വീട്ടിലേക്ക് എത്തുന്നത്. പോലീസില്‍ ജോലി ചെയ്യുന്ന അച്ഛനാണ് ചെസിലെ രഘുനാഥന്റെ ഗുരു. അച്ഛന് പഠിപ്പിച്ചത് സഹോദരങ്ങളെ രഘുനാഥന് പഠിപ്പിച്ചു. അങ്ങനെ നാലു പേരും ഒഴിവു നേരങ്ങളിലെല്ലാം കളിച്ചും ജയിച്ചും ചെസിനെ ഹൃദയത്തിലേറ്റി.
പതുക്കെ, നാട്ടിലെ ക്ലബുകള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം രഘുനാഥന് പങ്കെടുക്കാന്‍ തുടങ്ങി. 2001 ല്‍ കോട്ടയം ചെസ് അസോസിയേഷന്റെ മത്സരത്തില്‍ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി. സംസ്ഥാന തലത്തിലും മത്സരിച്ചു. പിന്നീട് കോട്ടയം ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ 2014 മുതല്‍ 2026 തുടര്‍ച്ചയായി സംഘടിപ്പിച്ച മത്സരങ്ങളിലെല്ലാം പങ്കെടുത്തു. പങ്കെടുക്കുക മാത്രമല്ല ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നോ രണ്ടോ തവണ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് രഘുനാഥന് പിന്തള്ളപ്പെട്ടത്.
സംസ്ഥാന തലത്തില്‍ മത്സരിച്ചു രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കി. മൈസൂര്‍, ബംഗളുരു, ഇന്‍ഡോർ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏഴു തവണ ദേശീയ തലത്തില്‍ മത്സരിച്ചു.എല്ലാക്കാലത്തും രഘുനാഥന്റെ ഏറ്റവും വലിയ പിന്തുണ അദ്ദേഹത്തിന്റെ പിതാവായിരുന്നു. രഘുനാഥന് ചെസ് കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട വിനോദം ക്രിക്കറ്റാണ്. കളിക്കാന്‍ വലിയ താത്പര്യമില്ല. പക്ഷേ, കൃത്യമായി കളികാണും സ്കോറുകള്‍ ശ്രദ്ധിക്കും. 30 കൊല്ലത്തിലധികമായി കോത്തല സ്കൂളിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് ഇദ്ദേഹം. ഭാര്യ ലതയും മക്കളായ രേഷ്മയും രാഹുലും രഘുനാഥനൊപ്പം പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
- നൊമിനിറ്റ ജോസ്
