ഉത്തർപ്രദേശിലെ ലഖ്നൗവിൽ അന്തരിച്ച 75കാരന്റെ മൃതദേഹത്തിൽ നിന്ന് വെള്ളക്കടലാസുകളിൽ നിർബന്ധപൂർവ്വം വിരലടയാളം പതിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. റഹിമാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗൻഹ ഗ്രാമത്തിലാണ് സംഭവം. മരിച്ച ചത്രപാൽ എന്നയാളുടെ മൃതദേഹത്തിൽ നിന്നാണ് വിരലടയാളം എടുത്തത്. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വത്ത് തർക്കത്തെ തുടർന്ന് ചത്രപാലും ഭാര്യ ശിവദേവിയും മകൻ മഹേന്ദ്ര, മരുമകൾ ലക്ഷ്മി എന്നിവരുമായി അകൽച്ചയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 2023ൽ കുടുംബവീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് ഇരുവരും ബന്ധുവീടുകളിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന്, തന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് മകനെയും മരുമകളെയും ഒഴിവാക്കിക്കൊണ്ട് ചത്രപാൽ പത്രപ്പരസ്യം നൽകിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചു.
ജൂലൈ 7ന് അസുഖബാധിതനായ ചത്രപാലിനെ ചികിത്സ വാഗ്ദാനം ചെയ്ത് മകൻ മഹേന്ദ്ര ഗ്രാമത്തിലേക്ക് കൊണ്ടുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ജൂലൈ 9ന് ഇയാൾ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾക്കായി എത്തിയ പെൺമക്കളുമായി മഹേന്ദ്ര തർക്കത്തിലേർപ്പെട്ടിരുന്നതായി ചത്രപാലിന്റെ മകൾ സുമൻ ആരോപിച്ചു. ഇതിന് ശേഷമാണ് മൃതദേഹത്തിൽ നിന്ന് വിരലടയാളം എടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് റഹിമാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളക്കടലാസിൽ വിരലടയാളം എടുത്തതിന് പിന്നിലെ യഥാർഥ കാരണവും ദൃശ്യങ്ങളിലുള്ള ആളുകളെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
