മട്ടന്നൂർ: മാലൂർ കെപിആർ നഗറിൽ സ്വകാര്യവ്യക്തിയുടെ പറന്പിൽ കേബിൾ കുരുക്കിൽ പുലി കുടുങ്ങി. കെപിആർ നഗർ – കാഞ്ഞിലേരി റോഡിലെ പെരുവങ്ങാട്ടയിൽ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലിയെ കുടുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയത്.
കണ്ണവം ഫോറസ്റ്റ്റേഞ്ച് പരിധിയിലുൾപ്പെടുന്ന പ്രദേശമാണിത്. ഇന്നു പുലർച്ചെ നാലോടെയാണ് പുലിയ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പശു അസ്വാഭാവികമായ രീതിയിൽ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് തൊഴുത്തിനു സമീപത്ത് പുലി കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. രണ്ടു പറമ്പുകളുടെ അതിരുകൾ പങ്കിടുന്ന സ്ഥലത്ത് കുടുങ്ങിയ പുലി രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ സമീപത്തെ മരത്തിലേക്ക് കയറാൻ ഉൾപ്പടെ ശ്രമിച്ചതോടെ കുരുക്കു മുറുകിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്തെത്തിയെങ്കിലും സുരക്ഷ മുൻ നിർത്തി സ്ഥലത്ത് ഉണ്ടായിരുന്ന മാലൂർ പോലീസ് ആളുകളെ പുലി കുടുങ്ങിയ സ്ഥലത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയായിരുന്നു.
രാവിലെ പത്തരയോടെ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തരുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം പുലിയെ മയക്കുവെടിവച്ച് പിടികൂടി. പുലിയെ വൈദ്യപരിശോധനയക്ക് ശേഷം സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റും.
