തലശേരി: തലശേരി വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫേർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഘം സെക്രട്ടറി കൊള്ളപ്പലിശക്കാർക്ക് പലിശ ഇനത്തിൽ നൽകിയത് ഒരുകോടി രൂപ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജിഷിനെ കസ്റ്റഡിയിൽ വാങ്ങി പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് പേർക്കായി ഒരുകോടി രൂപ പലിശ ഇനത്തിൽ നൽകിയതായി മൊഴി നൽകിയത്.
മേലൂരിലെ വാവക്ക് 10 ലക്ഷം, കൊങ്കി ബിജുവിന് 40 ലക്ഷം, മിഥുൻ എന്നയാൾക്ക് 50 ലക്ഷം രൂപയും നൽകിയതാണ് ജ്യോജിഷ് പോലിസിനോട് പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് പേരുടെയും വിശദമായ വിവരങ്ങൾ പോലിസ് അന്വഷിച്ചു വരികയാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ജ്യോജിഷിനെ പോലിസ് കസ്റ്റഡിയിൽ വാങ്ങിയത്.
തട്ടിപ്പ് നടന്ന സഹകരണ സംഘത്തിലും പ്രതിക്ക് അക്കൗണ്ടുകളുള്ള ധനകാര്യ സ്ഥാപനങ്ങളിലും പൊലിസ് തെളിപ്പെടുപ്പ് നടത്തി. പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്.ഇന്നും തെളിവെടുപ്പ് തുടരും.കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്വഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
ഇതു സംബന്ധിച്ച് ലോക്കൽ പൊലിസ് സിറ്റി പൊലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
