മക്കൾ മലയാളം നന്നായി സംസാരിക്കാത്തതിൽ താനും കൂടി കാരണക്കാരിയായിട്ടുണ്ടെന്ന് സുചിത്ര മോഹൻലാൽ. വിസ്മയയും പ്രണവും ചെറുപ്പത്തിലേ ഊട്ടിയിലെ ഹോസ്റ്റലിൽ നിന്ന് പഠിച്ചതു കൊണ്ട് അവർക്ക് മലയാളം നന്നായി അറിയില്ലെന്നും സുചിത്ര പറയുന്നു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇതിനെക്കുറിച്ച് പറഞ്ഞത്.
“അവൾക്കൊരു മൂന്ന്-നാല് മാസം സമയം വേണം. രണ്ട് പിള്ളേരും ഹോസ്റ്റലിൽ പഠിച്ചതു കൊണ്ട് അവർക്ക് മലയാളം നന്നായി അറിയില്ല. അപ്പുവിന് പിന്നെയും അറിയാം. അപ്പുവിന്റെ ആദ്യ സിനിമ കണ്ടാൽ അതറിയാം. ആദിയിൽ അവന് അധികം ഡയലോഗുകൾ കൊടുത്തിട്ടില്ല ജീത്തു.
പക്ഷേ അവനിപ്പോൾ ഇത്രയും പടങ്ങൾ ചെയ്തതു കൊണ്ടും സെറ്റിൽ എല്ലാവരോടും സംസാരിച്ചുമൊക്കെ മലയാളം നന്നായി മെച്ചപ്പെടുത്തിയിട്ടുണ്ട്. മായയ്ക്ക് ആ ഒരു പ്രശ്നമുണ്ട്. അപ്പു ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹോസ്റ്റലിലേക്ക് പോയത്. മായ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഹോസ്റ്റലിൽ പോയി. അവിടെ കൂടുതലും വിദേശികളായ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.
അവർ കൂടുതലും ഇംഗ്ലീഷേ സംസാരിച്ചിട്ടുള്ളൂ. വീട്ടിൽ വന്നപ്പോഴും ഞാനും അവരോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. അത് എന്റെ തെറ്റാണ്. ഞാൻ വളർന്നപ്പോഴും ഞങ്ങൾ സഹോദരങ്ങൾ തമ്മിലും കുറേയൊക്കെ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. കാരണം ഡാഡി, പകുതി തമിഴും പകുതി മലയാളവുമാണ്. മമ്മി ഫുൾ മലയാളി തന്നെ. മമ്മിയുടെ അടുത്ത് നമ്മൾ മലയാളം തന്നെ സംസാരിക്കും.
ഡാഡിയുടെ അടുത്ത് ഇംഗ്ലീഷ്, തമിഴ്, മലയാളം ഇത് മൂന്നും സംസാരിക്കും. പിന്നെ പിള്ളേര് വന്നപ്പോൾ ചേട്ടനും (മോഹൻലാൽ) ഇല്ലല്ലോ വീട്ടിൽ. അദ്ദേഹം കൂടുതലും ഷൂട്ടിംഗിൽ ഒക്കെയാണ്. എല്ലാ ആഴ്ചയും അവരുടെ ഹോസ്റ്റലിൽ വിളിച്ചാണ് ഞാൻ സംസാരിക്കുന്നത്. അവർ വരുമ്പോൾ, അവരുടെ കസിൻസ് ഒക്കെ മദ്രാസിൽ ജനിച്ച് വളർന്നതു കൊണ്ട് അവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.
അപ്പോൾ ഇവർ വളർന്നപ്പോൾ മലയാളവുമായി ബന്ധമില്ലാതെ പോയി. ഇവിടെ വരുമ്പോൾ അച്ഛനോടും അമ്മയോടും സംസാരിക്കും. അല്ലാതെ അവർക്ക് വേറെ കണക്ഷൻസ് ഒന്നുമില്ലല്ലോ. മലയാളം മായയ്ക്ക് സംസാരിക്കാം, പക്ഷേ അതിനുള്ള കോൺഫിഡൻസ് അവൾക്കില്ല. പിന്നെ ആ സ്ലാംഗ്. എന്റെ തന്നെ ഒരു തമിഴ് ചുവയുണ്ടെന്ന് എല്ലാവരും പറയും.
മംഗ്ലീഷിലാണ് മായ സ്ക്രിപ്റ്റ് വായിക്കുന്നത്. ഡയലോഗ് ഒക്കെ പഠിക്കാൻ ഒരു മാസം സമയം വേണമെന്ന് മായ പറയും. അതുകൊണ്ട് ഉടനെ ഉണ്ടാവുകയില്ല. നല്ല പ്രൊജക്ട് വന്നാലും ഒരു ഒന്നൊന്നര മാസം അവൾക്ക് വേണം. സുചിത്ര മോഹൻലാൽ പറഞ്ഞു.
