പയ്യന്നൂർ: നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെയും എംഎൽഎമാരുടെയും ആസ്തി വികസന ഫണ്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ സിപിഎം ഉപയോഗിച്ചിരുന്നത് പാർട്ടി പാർട്ടി മന്ദിരങ്ങൾ പണിയാനെന്ന് സന്ദീപ് വാര്യർ എംഎൽഎ. വെള്ളൂർ പുതിയങ്കാവ് പ്രിയദർശിനി കലാവേദിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രവർത്തകരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായിട്ടാണ് ഓഫീസുകൾ ഉയരേണ്ടതെന്നും മാഫിയകളുടെയും സർക്കാരിന്റെയും ഫണ്ടുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാവേദി പ്രസിഡന്റ് എ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിയദർശിനി കലാവേദിയുടെ പ്രവർത്തകനായിരുന്ന ഒ.കെ. കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എംഎൽഎ നിർവഹിച്ചു.
എ.പി. നാരായണൻ, വി.സി. നാരായണൻ, കെ. ജയരാജ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, ഇ.പി. ശ്യാമള, കെ.ടി. ഹരീഷ്, പി.വി. പ്രിയ, കെ.വി. ഭാസ്കരൻ, കെ.കെ. ഫൽഗുനൻ, കെ.കെ. രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.
