ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമങ്ങളുമായി സംവാദം വേണ്ടെന്ന ഇന്ത്യയുടെ അഭ്യർഥന ട്രംപ് തള്ളിയതായി റിപ്പോർട്ട്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറാണ് ഒരു മാധ്യമ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രസിഡന്റ് ട്രംപിന്റെ അപ്രതീക്ഷിത പെരുമാറ്റ രീതികൾ മുന്നിൽ കണ്ടാണ് ഇന്ത്യ മുൻകരുതൽ എന്ന നിലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യോത്തര വേള ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഉന്നതതല നയതന്ത്ര സന്ദർശനങ്ങളുടെ ഭാഗമായി നേതാക്കളുടെ മാധ്യമ സമ്പർക്കത്തെക്കുറിച്ച് മുൻകൂട്ടി ധാരണയിലെത്തുന്നത് സാധാരണ നടപടിയാണെന്നും ഇന്ത്യ അത്തരം നിലപാടാണ് വ്യക്തമാക്കിയതെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ ഭാഗത്തുനിന്നുള്ള അഭ്യർഥന ട്രംപിനെ അറിയിച്ചെങ്കിലും, കൂടിക്കാഴ്ച ആരംഭിച്ചയുടൻ മാധ്യമപ്രവർത്തകരോട് “എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” എന്ന് ചോദിച്ച് ട്രംപ് അത് ഒരു പൂർണ വാർത്താസമ്മേളനമാക്കി മാറ്റുകയായിരുന്നു. ഇറാന് എതിരായ യുഎസ് സൈനിക നടപടിക്കിടെ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനും ഹോർമൂസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾക്കും തൊട്ടുപിന്നാലെയായിരുന്നു ഈ നിർണായക കൂടിക്കാഴ്ച നടന്നത്.
