കൊച്ചി: മോര്‍ഫിംഗ് കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂവാറ്റുപുഴ വാഴക്കാല സ്വദേശിയായ 25കാരിയുടെ മോര്‍ഫ് ചിത്രങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായും പരാതി ഉയരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ബന്ധുവിന്‍റെ ഫോണിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നതായാണ് വിവരം.
നിലവില്‍ ജോലിയുടെ ആവശ്യത്തിനായി കടവന്ത്രയില്‍ താമസിക്കുന്ന യുവതി കടവന്ത്ര പൊലിസിലാണ് പരാതി നല്‍കിയത്. മൂന്ന് ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതായാണ് വിവരം.
മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ കിളിമാനൂര്‍ സ്വദേശി വി.എസ്. ശ്രീഹരി അധ്യാപകരുടെയും സഹപാഠികളുടെയും മാത്രമല്ല, ബന്ധുക്കളുടെയും മറ്റ് ചില പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്കുവച്ചിരുന്നതായും കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടെലിഗ്രാം ഗ്രൂപ്പുകളില്‍ ആരൊക്കെ പങ്കാളികളാണ് എന്നത് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയാണ് മുഖ്യസൂത്രധാരന്‍ എന്നാണ് ശ്രീഹരി നല്‍കിയ മൊഴി.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ അശ്ലീല രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കടവന്ത്ര പൊലിസില്‍ മോര്‍ഫിംഗുമായി ബന്ധപ്പെട്ട് പുതിയ പരാതി എത്തിയിരിക്കുന്നത്. കോട്ടയത്തും സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത കേസിൽ വിദ്യാർഥി അറസ്റ്റിലായി.
ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ ബിടെക് വിദ്യാർഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചത് മറ്റ് വിദ്യാർഥികൾ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്.
ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പൊലിസ് പരിശോധനയിൽ കണ്ടെത്തി. അജ്മലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
