ആലുവ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു തമിഴ്നാട് സ്വദേശിനികളെ പിടികൂടി പൊലിസിന് കൈമാറി. സാവിത്രി (45), പ്രിയ (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ടര പവന്റെ സ്വർണമാല കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബസ് എത്തിയപ്പോഴായിരുന്നു സംഭവം.
തോട്ടുമുഖത്ത് നിന്ന് ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലങ്ങാട് സ്വദേശിനി ഗിരിജ സുദർശനന്റെ മാലയാണ് ഇരുവരും ചേർന്ന് പൊട്ടിച്ചെടുത്തത്. മാല നഷ്ടപ്പെട്ടതറിഞ്ഞ ഗിരിജ ബഹളം വച്ചതോടെ യുവതികൾ ബസിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
ഉടൻ ആലുവ പൊലിസിനെ വിളിച്ചുവരുത്തി ബസിലെ മറ്റു യാത്രക്കാരുംകൂടി ചേർന്ന് ഇരുവരെയും പൊലിസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് യുവതികളിൽ നിന്ന് സ്വർണം കണ്ടെടുത്തത്.
