കറുകച്ചാൽ: റിപ്പയറിംഗ് കടയിൽനിന്ന് നഷ്ടപ്പെട്ട എസി കിട്ടി. കൊണ്ടുപോയ ആക്രിക്കച്ചവടക്കാരനെയും പിടികിട്ടി. ഇയാൾ കടക്കാരനു നഷ്ടപരിഹാരവും കൊടുത്തു. എങ്കിലും ഒരു ചോദ്യം ബാക്കി. ആരാണ് യഥാർഥ വില്ലൻ? മാന്തുരുത്തി ആഴാംച്ചിറ ഭാഗത്ത് എസി റിപ്പയർ സ്ഥാപനം നടത്തുന്ന രഞ്ജിത്തിന്റെ കടയിൽനിന്നു വ്യാഴാഴ്ച 11.30 – ഓടെയാണ് എസി മോഷണം പോയത്. പാമ്പാടി സ്വദേശി വിദേശത്തുനിന്നു കൊണ്ടുവന്ന എസിയിൽ മുപ്ലിവണ്ടുകൾ കയറി എസി തകരാറിലാവുകയായിരുന്നു. ഇതിൽ മരുന്ന് തളിച്ച് കടയുടെ മുറ്റത്തു വച്ചിട്ട് രഞ്ജിത് പുറത്തു പോയി.
ഈ സമയം അതുവഴി വന്ന ആക്രി കച്ചവടക്കാരൻ സ്ഥാപനത്തിന്റെ ബോർഡിലെ നമ്പർ മനസിലാക്കി രഞ്ജിത്തിനെ മൊബൈലിൽ വിളിച്ച് എസി വിൽക്കുമോയെന്ന് അന്വേഷിച്ചു. തകരാർ പരിഹരിക്കാൻ കൊണ്ടുവന്നതാണെന്നും വിൽക്കാനല്ലെന്നും രഞ്ജിത്ത് മറുപടി നൽകുകയും ചെയ്തു.
ഉച്ചയോടുകൂടി രഞ്ജിത്ത് കടയിൽ എത്തുമ്പോൾ സ്ഥാപനത്തിന്റെ മുറ്റത്ത് വച്ചിരുന്ന എസി നഷ്ടപ്പെട്ടതായി മനസിലാക്കി. കച്ചവടക്കാരന്റെ നമ്പറിൽ രഞ്ജിത്ത് തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് കറുകച്ചാൽ പോലീസിൽ രഞ്ജിത്ത് നൽകിയ പരാതിയെ തുടർന്ന് പൊലിസ് സമീപ വീട്ടിലെ സിസി ടിവി കാമറ പരിശോധിച്ചപ്പോൾ ആക്രിക്കച്ചവടക്കാരൻ പെട്ടിവണ്ടിയിൽ മെഷീൻ കൊണ്ടുപോകുന്നതു കണ്ടു. വണ്ടിയുടെ നമ്പർ മനസിലാക്കി പൊലിസ്് ഇയാളെ വലയിലാക്കി.
കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടയിൽ വ്യാഴാഴ്ച തന്നെ ഇയാൾ എസി വിറ്റിരുന്നു. പകുതി പൊളിച്ച നിലയിൽ ഇന്നലെ എസി ഇയാൾ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. കേസുമായി പോകാൻ ഇരുകൂട്ടർക്കും താത്പര്യമില്ലാത്തതിനാൽ 25,000 രൂപ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പിലായി.
എന്നാൽ, താൻ എസി മോഷ്ടിച്ചില്ലെന്നും കടയ്ക്ക് സമീപം നിന്നിരുന്ന ഒരാൾ 2500 രൂപ വാങ്ങി തനിക്ക് എസി വിറ്റതാണെന്നുമാണ് ആക്രിക്കച്ചവടക്കാരന്റെ നിലപാട്. സംഭവത്തിലെ യഥാർഥ വില്ലനെ കുരുക്കാൻ വിശാലമായി വല വീശാനാണ് പൊലീസിന്റെ തീരുമാനം.
