മെട്രൊ നഗരങ്ങളിൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവനാകുന്നു ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’. വൻ നഗരങ്ങളിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ വ്യാപകമായി ഉപയോഗിക്കുന്നതായാണു റിപ്പോർട്ട്. പ്രത്യേകിച്ച്, രാജ്യത്തിന്റെ ‘ഐടി തലസ്ഥാനം’ എന്നറിയപ്പെടുന്ന ബംഗളൂരുവിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സാങ്കേതികവിദ്യയുടെ നഗരത്തിൽ വീട്ടുജോലിക്കു റോബോട്ടുകളെ ഉപയോഗിക്കുന്നവർ നേരത്തെ ഉണ്ടെങ്കിലും ഇപ്പോൾ ഇടത്തരക്കാരുടെ വീടുകളിലേക്കും റോബോട്ട് എത്തുന്നു. തിരക്കേറിയ നഗരത്തിലെ ജീവിതഭാരം കുറയ്ക്കുകയാണു റോബോട്ടുകളുടെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
വീട്ടിലെ ദൈനംദിന ജോലികൾ എളുപ്പമാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നവർ പൂർണ സംതൃപ്തരാണെന്നു റിപ്പോർട്ട് പറയുന്നു. പാചകം മുതൽ വീടു വൃത്തിയാക്കൽ ഉൾപ്പെടെ റോബോട്ടുകൾ ചെയ്യുന്നു. കൃത്യമായ നിർദേശങ്ങൾ കൊടുത്താൽ രുചികരമായി ഏതു വിഭവവും തയാറാക്കുമെന്നും ഭക്ഷണം കരിയില്ലെന്നും ഉപയോഗിക്കുന്നവർ പറഞ്ഞു. മൊബൈൽ ആപ്പ് ഉപയോഗിച്ചു റോബോട്ടിനെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.
ജോലിക്കാരെ നിയമിക്കുന്നതിനേക്കാൾ ചെലവുകുറവാണു റോബോട്ട് വാങ്ങുന്നതെന്നു നിരവധിപ്പേർ അഭിപ്രായപ്പെടുന്നു. കൂടാതെ, പത്തു വയസുള്ള കുട്ടിക്കുപോലും റോബോട്ട് പ്രവർത്തിപ്പിക്കാൻ കഴിയും. പലരും ജോലിക്കാരേക്കാൾ റോബോട്ടുകളെ ഇഷ്ടപ്പെടുന്നു. കാരണം, അവ കൂടുതൽ വിശ്വസനീയമാണ്.
