കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന് സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില്‍ ജോഫിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോഫിന്റെ നില ഗുരുതരമായി തുടരുകയാണ്.
