ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ദുരന്തോ എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ ട്രെയിന്റെ ജനൽച്ചില്ലുകൾ തകർന്ന് നാല് യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
‘Aesthete Traveller’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടുക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. യുവാവും സുഹൃത്തുക്കളും ട്രെയിനിൽ ഇരുന്ന് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പുറത്തുനിന്ന് ആരോ എറിഞ്ഞ വലിയ കല്ല് ജനൽച്ചില്ല് തകർത്ത് അകത്തേക്ക് പതിക്കുകയായിരുന്നു. ചില്ലുകൾ ചിതറിത്തെറിച്ചാണ് കൂടെയുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്ക് പരിക്കേറ്റത്.
തങ്ങളുടെ കമ്പാർട്ട്മെന്റിന്റെ ഇരുവശത്തും ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണ് യാത്ര ചെയ്തിരുന്നതെന്നും, വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നും വീഡിയോ പങ്കുവെച്ച യാത്രക്കാരൻ കുറിച്ചു. വിവരമറിഞ്ഞ് അടുത്ത സ്റ്റേഷനിൽ പോലീസ് എത്തുന്നതിന്റെയും പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ രീതിയിലുള്ള ആശങ്കകളും ചർച്ചകളുമാണ് ഉയർന്നുവരുന്നത്. ഇത്തരം സംഭവങ്ങളിൽ അധികൃതർ കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നിയമനടപടികൾ ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.
