മദ്യശാലയ്ക്കുള്ളിൽ അപ്രതീക്ഷിതമായി കടന്നുകയറി മദ്യം കുടിച്ച ശേഷം മദ്യശാലയ്ക്കുള്ളിൽ തന്നെ സുഖമായി ഉറങ്ങി കുരങ്ങൻ! ജാർഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഓർമഞ്ചിയാണ് ഈ അപൂർവ്വവും രസകരവുമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ഓർമഞ്ചിയലെ ബ്ലോക്ക് ചൗക്കിലുള്ള ഒരു വിദേശമദ്യശാലയിലാണ് സംഭവം. പെട്ടെന്ന് കടയ്ക്കുള്ളിലേക്ക് കയറിപ്പറ്റിയ പെൺകുരങ്ങൻ അവിടുത്തെ കുപ്പികളിലൊന്നിൽ നിന്ന് മദ്യം സേവിക്കുകയായിരുന്നു. മദ്യം കുടിച്ചതിന് പിന്നാലെ ക്ഷീണം കാരണം മദ്യശാലയ്ക്കുള്ളിൽ തന്നെ കുരങ്ങൻ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
മദ്യശാലയിലെ ജീവനക്കാരെയും കടയിൽ എത്തിയവരെയും ഒരുപോലെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു ഇത്. സംഭവമറിഞ്ഞ് ആൾക്കാർ തടിച്ചുകൂടുകയും വാർത്ത പരക്കുകയും ചെയ്തതോടെ സ്ഥലത്ത് വലിയ രീതിയിലുള്ള കൗതുകം ഉടലെടുത്തു.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും, ഉറങ്ങിക്കിടന്ന കുരങ്ങനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്തായാലും റാഞ്ചിയിലെ ഈ ‘കുരങ്ങൻ വിരുന്ന്’ സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയാണ്.
