ഒരു രാജ്യത്തിന്റെ സംസ്കാരവും ജനങ്ങളോടുള്ള കരുതലും അറിയാൻ അവിടുത്തെ പൊതു സൗകര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ജപ്പാനിലെ പബ്ലിക് ടോയ്ലറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സജ്ജീകരിച്ചിരിക്കുന്ന അത്യാധുനികവും ചിട്ടയായതുമായ സൗകര്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ.
ഇന്ത്യൻ ഇൻഫ്ലുവൻസറായ അങ്കിത സഹീഗൽ തനിക്ക് ലഭിച്ച മനോഹരമായ അനുഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“ജപ്പാനിൽ ടോയ്ലറ്റുകൾക്ക് നൽകുന്ന ബഹുമാനവും കരുതലും കാണുമ്പോൾ എനിക്ക് വികാരഭരിതയാകേണ്ടി വരുന്നു,” എന്ന് അങ്കിത വീഡിയോയിൽ പറയുന്നു. ശുചിത്വം മാത്രമല്ല, ആളുകളുടെ ചെറിയ ആവശ്യങ്ങൾ പോലും കണ്ടറിഞ്ഞാണ് ഓരോ വാഷ്റൂമും നിർമ്മിച്ചിരിക്കുന്നത്.
ചെറിയ വാഷ്റൂമുകളിൽ പോലും സ്ത്രീകൾക്ക് സ്വകാര്യതയോടെ മേക്കപ്പ് ചെയ്യാനും ഒരുങ്ങാനുമായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.
ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഭയമില്ലാതെ ഉപയോഗിക്കാൻ, കുഞ്ഞുങ്ങളെ സുരക്ഷിതമായി ഇരുത്താനുള്ള പ്രത്യേക സീറ്റുകൾ ടോയ്ലറ്റ് ക്യൂബിക്കിളുകൾക്കുള്ളിൽ തന്നെയുണ്ട്.
തറയിൽ ഫോൾഡ് ചെയ്തു വെച്ചിരിക്കുന്ന ബോർഡ് കണ്ട് ആദ്യം ഡയപ്പർ മാറ്റാനാണെന്ന് കരുതിയെങ്കിലും, നനഞ്ഞ തറയിൽ കാലുകൾ തൊടാതെ നിന്ന് ഡ്രസ്സ് മാറാനുള്ള ബോർഡാണതെന്ന് പിന്നീട് അങ്കിത തിരിച്ചറിഞ്ഞു.
“നമ്മെക്കുറിച്ച് അവർ ഇത്രയധികം ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? സ്വന്തം പൗരന്മാരെക്കുറിച്ച് ഒരു രാജ്യത്തിന് എങ്ങനെ ഇത്രയധികം ആലോചിക്കാൻ കഴിയും?” എന്ന് അത്ഭുതത്തോടെ അങ്കിത ചോദിക്കുന്നു.
‘ജപ്പാനിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടുത്തെ ടോയ്ലറ്റുകളാണ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം പൗരന്മാരുടെ ദൈനംദിന ജീവിതത്തിന് ജപ്പാൻ നൽകുന്ന മുൻഗണനയാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.
