നിശ്ചയിച്ച സമയത്തിന് ഒരു മിനിറ്റ് മുൻപ് വിളിച്ച ഇന്റർവ്യൂ കോൾ എടുക്കാൻ ഏതാനും സെക്കൻഡുകൾ വൈകിയെന്ന കാരണത്താൽ ഉദ്യോഗാർഥിയുടെ അപേക്ഷ നിരസിച്ച് കമ്പനി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഉദ്യോഗാർഥി തന്നെയാണ് തനിക്കുണ്ടായ ഈ ദുരനുഭവം പങ്കുവെച്ചത്.
തൊഴിൽ സംസ്കാരത്തെയും കമ്പനിയുടെ സമീപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.രാവിലെ 11 മണിക്കായിരുന്നു ടെലിഫോണിക് ഇന്റർവ്യൂ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്റർവ്യൂവർ 10:59ന് ഫോണിലേക്ക് വിളിച്ചു.ഉദ്യോഗാർഥിയുടെ ഫോണിൽ സ്പാം കോളുകൾ തടയുന്ന സാങ്കേതികവിദ്യ ഉണ്ടായിരുന്നതിനാൽ കോൾ പ്രോസസ്സ് ചെയ്യാൻ ഏതാനും സെക്കൻഡുകൾ എടുത്തു.
സ്ക്രീനിംഗ് ഓപ്ഷൻ മാറ്റി കോൾ അറ്റൻഡ് ചെയ്തപ്പോഴേക്കും ഇന്റർവ്യൂവർ കോൾ കട്ട് ചെയ്തിരുന്നു. ഉദ്യോഗാർത്ഥി തിരികെ വിളിച്ചെങ്കിലും ഫോൺ വോയ്സ്മെയിലിലേക്ക് പോയി. തുടർന്ന് 15 മിനിറ്റ് കാത്തുനിന്ന ശേഷം, റിക്രൂട്ടറെ ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുകയും മറ്റൊരു സമയത്തേക്ക് ഇന്റർവ്യൂ മാറ്റിവെക്കാമോ എന്ന് അന്വേഷിക്കുകയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം റിക്രൂട്ടറിൽ നിന്ന് നിരാശാജനകമായ സന്ദേശമാണ് ഉദ്യോഗാർഥി ലഭിച്ചത്. 11 മണിക്ക് നിശ്ചയിച്ചിരുന്ന അഭിമുഖത്തിന് ഉദ്യോഗാർഥി ലഭ്യമായിരുന്നില്ലെന്നും, അതിനാൽ ഇന്റർവ്യൂ പ്രക്രിയയുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും കമ്പനിയുടെ എച്ച്ആർ വ്യക്തമാക്കുകയായിരുന്നു.
വെറും 60 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഒരു ജോലി അവസരം നഷ്ടമായതെന്നും, ഇത്തരം ഒരു സമീപനമുള്ള സ്ഥാപനത്തിൽ ജോലി ചെയ്യാതിരുന്നതാണ് നല്ലതെന്നും ഉദ്യോഗാർഥി കുറിപ്പിൽ പറഞ്ഞു.പോസ്റ്റ് വൈറലായതോടെ കമ്പനിയുടെ നയത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.

