മുംബൈയിലെ ജൂഹുവിൽ 18 മുതൽ 20 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റിന്റെ റൂം ടൂർ ചെയ്ത് യുവാക്കൾ. ഏകദേശം 5000 ചതുരശ്രയടി വിസ്തീർണമുള്ള കുടുംബവീടിന്റെ വിശേഷങ്ങളാണ് ഇവർ വീഡിയോയിലൂടെ പങ്കുവച്ചത്. തലമുറകളായി കൈമാറിയെത്തുന്ന സമ്പത്തിന്റെ ആഡംബരക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മുംബൈയിലുള്ള രണ്ട് യുവാക്കളെ സമീപിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങൾ എത്ര രൂപയാണ് വാടക നൽകുന്നത് എന്നായിരുന്നു യുവാക്കളോടുള്ള ചോദ്യം. എന്നാൽ യുവാക്കളിൽ ഒരാളുടെ മറുപടി അപ്രതീക്ഷിതമായിരുന്നു. ‘ഞാൻ വാടകയൊന്നും നൽകാറില്ല. ഈ അപ്പാർട്ട്മെന്റ് ഞങ്ങളുടെ കുടുംബത്തിന്റേതാണ്’ എന്നായിരുന്നു മറുപടി.
വീടിന്റെ വിസ്തീർണവും ഏകദേശ വിലയും ചോദിച്ചതോടെ 5000 ചതുരശ്രയടി വിസ്തീർണവും 18–20 കോടി രൂപ വിലയുമാണെന്ന് കൗമാരക്കാരൻ വെളിപ്പെടുത്തി. പിന്നാലെ വീടിന്റെ അകത്തളങ്ങൾ കാണിക്കാനും തയാറായി.
എട്ട് ബെഡ്റൂമുകളുണ്ടായിരുന്ന ഫ്ലാറ്റ് പിന്നീട് നാലാക്കി മാറ്റിയതോടെ ഓരോ മുറിക്കും കൂടുതൽ വിശാലത ലഭിച്ചുവെന്നാണ് വീഡിയോയിൽ പറയുന്നത്. വീട്ടിലെത്തുന്നവരെ ആദ്യം ആകർഷിക്കുന്നത് മനോഹരമായ ഇന്റീരിയർ ഡിസൈനും വിശാലമായ ലിവിംഗ് റൂമുമാണ്.
ഇൻഡോർ ഗാർഡനാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത രീതിയിലുള്ള കൽനിർമിത ജലധാരയും ഈ ഉദ്യാനത്തിലുണ്ട്. വിശാലമായ ഡൈനിംഗ് ഏരിയ, കുടുംബാംഗങ്ങൾക്കായി പ്രത്യേകം ഒരുക്കിയ ലോഞ്ച് എന്നിവയും വീഡിയോയിൽ കാണാം.
എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കൗമാരക്കാരൻ അവകാശപ്പെടുന്ന പ്രത്യേക ലിഫ്റ്റാണ്. തുറന്ന മേൽക്കൂരയുള്ള ഗ്ലാസ് എലിവേറ്ററാണ് ഫ്ലാറ്റിലെ പ്രധാന ആകർഷണം.സ്വകാര്യ സ്പാ റൂം, ഹോം തിയേറ്റർ, വാക്ക്-ഇൻ വാർഡ്രോബുകൾ, മനോഹരമായി രൂപകൽപ്പന ചെയ്ത ബെഡ്റൂമുകൾ എന്നിവയും ഈ കോടികളുടെ ഫ്ലാറ്റിലുണ്ട്. ബാൽക്കണിയിൽനിന്നുള്ള നഗര കാഴ്ചകളും വീഡിയോയിൽ ശ്രദ്ധേയമാണ്.
