കനത്ത മഴയിൽ മേൽപ്പാലത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ സ്വയം ഡ്രെയിനേജ് വൃത്തിയാക്കിയ ട്രാഫിക് പോലീസുകാരന് സോഷ്യൽ മീഡിയയിൽ വൻ കൈയടി. ബംഗളൂരുവിലെ ഫ്ലൈഓവറിന്റെ ഇടുങ്ങിയ അതിരിലൂടെ നടന്ന്, വടിയ ഉപയോഗിച്ച് ഡ്രെയിനേജിലെ തടസങ്ങൾ മാറ്റുന്ന പോലീസുകാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.
റെഡ്ഡിറ്റിലെ r/Bangalore എന്ന കമ്മ്യൂണിറ്റിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നതും ട്രാഫിക് തടസം രൂക്ഷമായതും കണ്ടാണ് പോലീസുകാരൻ സ്വന്തം സുരക്ഷ പോലും നോക്കാതെ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചത്.
പോലീസുകാരന്റെ കർമനിരതയെയും സഹാനുഭൂതിയെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വെള്ളക്കെട്ട് നീങ്ങിയതോടെ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ തുടങ്ങിയെന്നും, തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ അദ്ദേഹം കാണിച്ച ഈ സമർപ്പണത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പുരസ്കാരം നൽകണമെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.

