സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്കും വ്യൂസിനുമായി എന്തുചെയ്യാനും മടിക്കാത്ത പ്രവണതയ്ക്കെതിരെ വീണ്ടും വിമർശനം ശക്തമാകുന്നു. നിർത്തിയിട്ടിരുന്ന ട്രെയിൻ എഞ്ചിനിൽ സാരിയുടെ മുന്താണി കെട്ടിയിട്ട ശേഷം റെയിൽവേ ട്രാക്കിൽ നിന്ന് യുവതി നടത്തിയ സിനിമാറ്റിക് നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നതും.
സാരി ധരിച്ച് സൺഗ്ലാസും വെച്ച് ട്രെയിൻ എഞ്ചിനിൽ സാരിയുടെ ഒരു അഗ്രം കെട്ടിയിട്ട ശേഷമാണ് യുവതി ട്രാക്കിൽ ഇറങ്ങി നൃത്തം ചെയ്തത്. ബോളിവുഡ് സിനിമകളിലെ പ്രണയരംഗങ്ങൾ പുനഃസൃഷ്ടിക്കാനായിരുന്നു ശ്രമം.
‘ദ നളന്ദ ഇൻഡക്സ്’ എന്ന എക്സ് ഹാൻഡിലാണ് ഈ വീഡിയോ പങ്കുവെച്ചത്. “കുറച്ച് ലൈക്കുകൾക്കും കാഴ്ചക്കാർക്കുമായി ആളുകൾ തങ്ങളുടെ ഉത്തരവാദിത്തബോധവും നാണക്കേടും പോലും പണയം വെക്കുകയാണ്” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
സുരക്ഷാ മാനദണ്ഡങ്ങളും റെയിൽവേ നിയമങ്ങളും കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.
