ദുബായി: സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്നും വിമാനകമ്പനി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പോയ വിമാനത്തിന്റെ കോക്പിറ്റിൽവച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് കുത്തേറ്റിരുന്നു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ കുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകർക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റിട്ടും സ്മിത് മച്ചാർ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ച് യാത്രക്കാരുടെ സഹായം തേടി. വാതിൽ തുറന്നതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു.
വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാർ കാട്ടിയ ധൈര്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രശംസിച്ചിരുന്നു.
നേരറിയാൻ യുഎഇയും ഇസ്രയേലും
ടെൽ അവീവ് /അബുദാബി: ദുബായിൽനിന്നു ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ ഇസ്രേലി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
സൗദി അറേബ്യയിൽനിന്നു വ്യാഴാഴ്ച യുഎഇയിലേക്കു മാറ്റിയ പ്രതിയെ ഇസ്രയേലിൽനിന്നുള്ള പ്രത്യേക അന്വേഷണസംഘവും യുഎഇ അധികൃതരും സംയുക്തമായായിരിക്കും ചോദ്യം ചെയ്യുക. യുഎഇയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമഗ്ര അന്വേഷണത്തിൽ ഇസ്രേലി ഏജൻസികളും പങ്കാളികളാകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രതിയുടെ പശ്ചാത്തലം, ആക്രമണത്തിനു പിന്നിലെ കൃത്യമായ ലക്ഷ്യം, ഇതിനായി മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
സംഭവത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളോ മുൻകൂട്ടി തയാറാക്കിയ പദ്ധതികളോ ഉണ്ടോയെന്നു കണ്ടെത്താൻ യുഎഇ പ്രോസിക്യൂഷനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൂർണമായ അന്വേഷണം നടക്കുകയാണെന്ന് ഫ്ലൈ ദുബായ് സിഇഒ അറിയിച്ചു.
പ്രതിക്ക് കടുത്ത അക്രമവാസനയും അനാവശ്യ തീവ്രവാദ ആശയങ്ങളും തലയ്ക്കു പിടിച്ചിരുന്നതായും യാത്രക്കാർ അടക്കം വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാർ പൂർണ ആരോഗ്യവാനായി തിരിച്ചുവരാനുള്ള തീവ്രമായ ശ്രമത്തിലാണ്.
ഭീകരാക്രമണമെന്ന് യുഎഇ
അബുദാബി: ഫ്ലൈ ദുബായ് വിമാനം തകർക്കാൻ നടന്ന ശ്രമം അതീവ അപകടകരമായ ഭീകരാക്രമണമാണെന്ന് യുഎഇ പ്രസിഡന്റിന്റെ മുതിർന്ന നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. ജീവൻ പണയം വച്ചും സാഹസികമായി പോരാടി വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ യഥാർഥ ഹീറോയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും സങ്കീർണമായ അടിയന്തര സാഹചര്യത്തിലും ധീരതയുടെയും ഉത്തരവാദിത്വത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും ഉത്തമ ഉദാഹരണമായി ക്യാപ്റ്റൻ സ്മിത് നിലകൊണ്ടു. വൻദുരന്തമാകമായിരുന്ന ഭീകരാക്രമണത്തെയാണ് അദ്ദേഹം പ്രതിരോധിച്ചത് -അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരേ കടുത്ത ജാഗ്രത ആവശ്യമാണെന്നും സംഭവത്തെച്ചൊല്ലിയുള്ള വ്യാജ ഗൂഢാലോചനാ വാദങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ധീരതയിൽ അഭിമാനം’’ -നരേന്ദ്ര മോദി
ന്യൂഡൽഹി: ദുബായിൽനിന്നു ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം സാഹസികമായി തടയുകയും സ്വന്തം ജീവൻ പണയം വച്ച് യാത്രക്കാരെ രക്ഷിക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോകോളിൽ സംസാരിച്ചു. അബുദാബിയിലെ ആശുപത്രി കിടക്കയിൽനിന്നു സ്മിത് പങ്കുവച്ച ധീരമായ അനുഭവങ്ങളെയും അദ്ദേഹത്തിന്റെ മനഃസാന്നിധ്യത്തെയും പ്രധാനമന്ത്രി പ്രശംസിക്കുകയും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സ്മിതിന്റെ ഭാര്യയോടും മാതാപിതാക്കളോടും സംസാരിച്ച പ്രധാനമന്ത്രി, സമാനതകളില്ലാത്ത ഈ ധീരതയിൽ അഭിമാനം പ്രകടിപ്പിച്ചു.
“മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു’’ -അവസാനശ്രമം വിജയിച്ചെന്ന് സ്മിത് മച്ചാർ
ന്യൂഡൽഹി: “എന്റെ ജീവനുവേണ്ടിയാണ് ഞാൻ അവിടെ പോരാടിക്കൊണ്ടിരുന്നത്. എന്നാൽ മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു’’-അബുദാബിയിലെ ആശുപത്രിക്കിടക്കയിൽ കിടന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വാക്കുകൾ പറയുമ്പോൾ, ആ കണ്ഠങ്ങളിൽ നടുക്കത്തിന്റെ വിറയലും ഒപ്പം 180 പേരുടെ ജീവൻ കാത്ത വീര്യത്തിന്റെ അഭിമാനവുമുണ്ടായിരുന്നു.
മരണമുഖത്തുനിന്നു വിമാനം തിരിച്ചുപിടിച്ച ഭയാനകമായ ആ നിമിഷങ്ങൾ ആദ്യമായി ലോകത്തോട് പങ്കുവയ്ക്കുകയായിരുന്നു ക്യാപ്റ്റൻ സ്മിത്.
“രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുമ്പോൾ വിമാനം താഴേക്കു പതിക്കുന്നത് ഞാൻ അറിഞ്ഞു. ഇനി എഴുന്നേറ്റില്ലെങ്കിൽ എല്ലാം അവസാനിക്കുമെന്ന് തോന്നി. നിരന്തരം ആക്രമിക്കപ്പെടുമ്പോഴും ഞാൻ എന്നോടുതന്നെ പറഞ്ഞു, സ്മിത്, അവസാനമായി ഒരൊറ്റ ശ്രമംകൂടി… കോക്പിറ്റിന്റെ വാതിൽ തൊട്ടടുത്തുണ്ട്. ആ ശക്തിയിൽ ഞാൻ വാതിൽ അൺലോക്ക് ചെയ്തു നൽകി. ആ നിമിഷമാണ് യാത്രക്കാർക്ക് ഉള്ളിലേക്ക് കടന്നുവരാനും അക്രമിയെ കീഴടക്കാനും സാധിച്ചത്. ’’- സ്മിത് ഓർത്തെടുത്തു.
സംഭാഷണത്തിനിടയിൽ വിതുമ്പിക്കരഞ്ഞ സ്മിതിനോട്, “എന്നോടു കരഞ്ഞില്ലെങ്കിൽ താങ്കൾ വേറെ ആരോടാണ് കരയുക” എന്ന് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഗുജറാത്തി ഭാഷയിലാണു സംസാരിച്ചത്. സ്മിതിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി രാജ്യമൊട്ടുക്കും പ്രത്യേക പ്രാർഥനകൾ നടക്കുന്നുണ്ടെന്നും മോദി അറിയിച്ചു.
ഭയന്നുപോയെന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പിതാവ് ഭൂപേന്ദ്ര മച്ചാർ
മുംബൈ: മകന്റെ ധീരമായ പ്രവർത്തനത്തെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ആദ്യം ഭയവും ഞെട്ടലുമാണ് ഉണ്ടായതെന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പിതാവ് ഭൂപേന്ദ്ര മച്ചാർ പറഞ്ഞു. “ഏതൊരു മാതാപിതാക്കളെയും പോലെ കേട്ടയുടൻ ഞങ്ങളും ഭയന്നുപോയി. ഇത്തരമൊരു അടിയന്തര സാഹചര്യത്തെ നേരിടാൻ ആർക്കും പ്രത്യേക പരിശീലനം ലഭിക്കാറില്ല.
എന്നാൽ, ആ സമയത്ത് അവനു ലഭിച്ച ആന്തരികശക്തിയും ദൈവാനുഗ്രഹവുമാണ് 174 യാത്രക്കാരുൾപ്പടെ 180 പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്’’-ഭൂപേന്ദ്ര മച്ചാർ പറഞ്ഞു. 17 വർഷമായി വ്യോമയാനരംഗത്തുള്ള സ്മിത്തിനു വിമാനം പറത്തൽ ജീവവായുപോലെയാണെന്നും പൂർണമായി സുഖം പ്രാപിച്ചശേഷം ജോലിയിൽ പ്രവേശിക്കുമെന്നും പിതാവ് കൂട്ടിച്ചേർത്തു.
നേരിട്ടു കണ്ടപ്പോൾ ആശ്വാസമായെന്ന് സ്മിത് മച്ചാറിന്റെ ഭാര്യ സോണൽ
മുംബൈ: ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനു നേരേ ആക്രമണമുണ്ടായെന്ന വാർത്ത കേട്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഭാര്യ സോണൽ മച്ചാർ. എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും എന്നാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്മിതിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന വിവരവുമാണ് ആശ്വാസമേകിയതെന്നും സോണൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തെ നേരിട്ടു കണ്ടു. യുഎഇയിലെ സൈനിക ഡോക്ടർമാരുടെ ഏറ്റവും മികച്ച പരിചരണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. സ്മിത് എത്രയും വേഗം പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് -സോണൽ പറഞ്ഞു.
