ഗുജറാത്തിലെ മോർബി താലൂക്കിലുള്ള വീർപർദ ഗ്രാമത്തിൽ കിണറ്റിലെ വെള്ളം സ്വയം ഇളകിമറിയുന്നത് വലിയ കൗതുകവും പ്രദേശവാസികളിൽ പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് കിണറ്റിലെ ജലത്തിൽ വീണ്ടും ശക്തമായ തിരമാലകൾ പോലുള്ള ചലനങ്ങൾ പ്രത്യക്ഷപ്പെട്ടത്.
രണ്ട് ദിവസം മുമ്പും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് ശാന്തമായിരുന്നു.ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി ഗ്രാമവാസികളാണ് കിണറിന് ചുറ്റും തടിച്ചുകൂടുന്നത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാൽ ഭൂമിക്കടിയിലെ മാറ്റങ്ങളാകാം ഇതിന് കാരണമെന്ന് ചിലർ സംശയിക്കുന്നു.
എന്നാൽ, കനത്ത മഴയെത്തുടർന്ന് ഭൂഗർഭജലം പുനർനിറയുമ്പോൾ പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോകുന്നതാണ് ഈ ചലനങ്ങൾക്ക് കാരണമെന്നും, ഭൂകമ്പ സാധ്യതയോ അമാനുഷിക ശക്തികളോ ഇതിന് പിന്നിലില്ലെന്നും ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു.
