വിയറ്റ്നാമിലെ കടയിൽ വെച്ച് അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കാനഡിയൻ യൂട്യൂബർക്ക് ഇന്ത്യൻ യുവാവിന്റെ കരണത്തടി. വിയറ്റ്നാമിലെ സൈഗോണിലുള്ള ഒരു ‘7-ഇലവൻ’ (7-Eleven) സ്റ്റോറിൽ തത്സമയ സ്ട്രീമിംഗിനിടെയാണ് ഈ സംഭവം നടന്നത്.
‘JohnWhatsGoingOn’ എന്ന പേരിൽ അറിയപ്പെടുന്ന ജോൺ ലീ എന്ന യൂട്യൂബറാണ് കടയിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ യുവാക്കളുടെ വീഡിയോ അവരുടെ അനുവാദമില്ലാതെ പകർത്തിയത്. തങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നത് തടയാൻ യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും യൂട്യൂബർ അത് കൂട്ടാക്കാതെ ലൈവ് സ്ട്രീമിംഗ് തുടരുകയായിരുന്നു.
അനുവാദമില്ലാതെ വീഡിയോ പകർത്തിയത് ചോദ്യം ചെയ്ത ഇന്ത്യൻ യുവാക്കൾക്കെതിരെ യൂട്യൂബർ മോശം പരാമർശങ്ങളും വംശീയ അധിക്ഷേപവും നടത്തുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഒരു ഇന്ത്യൻ യുവാവ് യൂട്യൂബറുടെ കരണത്തടിക്കുകയായിരുന്നു.
ലൈവ് സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകളുടെ സ്വകാര്യത ലംഘിച്ച് അനുവാദമില്ലാതെ തത്സമയ ചിത്രീകരണം നടത്തുന്ന യൂട്യൂബർമാരുടെ രീതിക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
