കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പിഎസ്സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ഉത്തരങ്ങൾക്ക് മാർക്ക് രേഖപ്പെടുത്താതിരുന്നത് പ്രത്യക്ഷ അഴിമതിയല്ലേയെന്നും പിഎസ്സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനമില്ലേയെന്നും കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശങ്ങൾ.
പരീക്ഷയിൽ 58 ഉത്തരങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് വളരെ ഗുരുതരമായ ആരോപണമാണെന്ന് കോടതി നിരീക്ഷിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്സിയെന്നും 58 ചോദ്യങ്ങളുടെ മാർക്ക് ഒഴിവാക്കിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം 58 ഉത്തരങ്ങൾക്ക് മാർക്ക് നൽകാതിരുന്നത് ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമായി ന്യായീകരിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
നൂതനമായ തട്ടിപ്പാണിതെന്നും എങ്ങനെയാണ് ഇതിനെ ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് വിശേഷിപ്പിക്കാനാകുകയെന്നും സർക്കാർ ചോദിച്ചു. സംഭവം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും സർക്കാർ വാദിച്ചു. പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 180ലേറെ പരാതികൾ പിഎസ്സിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പിഎസ്സിയോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടത് പിഎസ്സി അധികൃതരുടെ ധാർമിക ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
