സൂറിച്ച്: ഇന്ത്യയുടെ സ്വപ്നമായ ഒളിമ്പിക്സ് ആതിഥേയത്വം അതിന്റെ ശരിയായ ദിശയില്‍. ഇന്ത്യ അടക്കം ഏഴു രാജ്യങ്ങള്‍ 2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി രംഗത്തുള്ളതായി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. ഇതു കൂടാതെ പുതിയതായി കടന്നു വരാനുള്ളതടക്കമുള്ള മറ്റു ചില നിബന്ധനകളും ഐഒസി ബുക്ക്ലെറ്റിലൂടെ ഇന്നലെ പ്രസിദ്ധപ്പെടുത്തി.
2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി മുന്നോട്ടുവരാന്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റികള്‍ക്കുള്ള അവസാന തീയതി ഈ മാസം 31 ആണ്. അങ്ങനെ പുതുതായി രംഗപ്രവേശം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആതിഥേയത്വം അവകാശപ്പെട്ട് പ്രൊജക് ട് സമര്‍പ്പിക്കാനുള്ള അവസരം 2026 നവംബര്വരെയാണെന്നും ഐഒസി വ്യക്തമാക്കി. 2027 മാര്‍ച്ചിലാണ് 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള രാജ്യങ്ങളുടെയും നഗരങ്ങളുടെയും അവസാന പട്ടിക ഐഒസി പുറത്തുവിടുന്നത്. 2029 മധ്യത്തോടെ ആതിഥേയത നഗരത്തെ പ്രഖ്യാപിക്കും.
2028ല്‍ യുഎസിലെ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബെയ്നിലും.
7 രാജ്യങ്ങള്‍ രംഗത്ത്
2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി രംഗത്തുള്ളത് ഇന്ത്യ അടക്കം ഏഴ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റികള്‍. ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന ആതിഥേയ നഗരം അഹമ്മദാബാദാണ്. 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ശ്രമം തുടരുന്നതിനിടെ, അതിനു മുമ്പായി 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നുണ്ട്.
ജര്‍മനിയിലെ മ്യൂണിക്, ഹംഗറിയിലെ ബുഡാപെസ്റ്റ്, ഖത്തറിലെ ദോഹ, ദക്ഷിണകൊറിയയിലെ സിയൂള്‍ എന്നിവിടങ്ങളാണ് 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി രംഗത്തുള്ളത്. ഇതുകൂടാതെ ദക്ഷിണാഫ്രിക്ക മൂന്നു നഗരങ്ങളിലായി നടത്താനുള്ള സന്നദ്ധതയും അറിയിച്ചു. കേപ്ടൗണ്‍, ഡര്ബന്, ജൊഹാന്നസ്ബര്‍ഗ് എന്നീ നഗരങ്ങളാണ് ആതിഥേയ നഗരങ്ങളായി ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചിരിക്കുന്നത്.
