ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ല ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ആറുമാസത്തിനിടെ മരിച്ചത് 80 നവജാത ശിശുക്കൾ. സംഭവത്തിൽ ബിജെപി എംഎൽഎ ദിനേഷ് റായ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാത്രികാലങ്ങളിൽ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകാറില്ലെന്നും ഗുരുതരമായ അശ്രദ്ധയാണ് മരണങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ജനന ഭാരം, മറ്റ് സങ്കീർണതകൾ എന്നിവയാണ് മരണങ്ങൾക്ക് കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഗുരുതരാവസ്ഥയിൽ എത്തുന്ന കുഞ്ഞുങ്ങളെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളതെന്നും, ആശുപത്രിയുടെ നവജാത ശിശു മരണനിരക്ക് അനുവദനീയമായ പരിധിക്കുള്ളിലാണെന്നും സിവിൽ സർജൻ ഡോ. വിനോദ് കുമാർ നവ്കർ വ്യക്തമാക്കി. സംഭവത്തിൽ കുടുംബങ്ങളുടെ പരാതികളും ഉയർന്നിട്ടുണ്ട്.
