തത്സമയ സംഗീത പരിപാടിക്കിടെ വേദിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിന്റെ മുഖത്ത് ചവിട്ടി പ്രതികരിച്ച് പ്രശസ്ത തായ് ഗായിക. തായ്ലൻഡിലെ ചോൻബുരിയിൽ നടന്ന സംഗീത നിശയ്ക്കിടെയാണ് സംഭവം. ‘ഐസ്’ എന്നറിയപ്പെടുന്ന 27-കാരിയായ നാംഖെങ് തിപ്മ്വാൻ ആണ് യുവാവിന് നേരെ രോഷത്തോടെ പ്രതികരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഗായിക വേദിയിൽ പാടിക്കൊണ്ടിരിക്കെ, കാണികളിൽ ഒരാൾ അടുത്തേക്ക് വരികയും കൈ പിടിക്കാൻ എന്ന വ്യാജേന ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പെരുമാറ്റം കണ്ട് ഗായിക ഞെട്ടലോടെ പിന്നോട്ട് മാറി.
ഇത് ശ്രദ്ധയിൽപ്പെട്ട ഗായികയുടെ മാനേജർ വുത്തിചായ് സോൺവിയാങ് ഉടൻ തന്നെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി യുവാവിനെ ജനക്കൂട്ടത്തിനിടയിൽ നിന്ന് പിടിച്ചുമാറ്റി. ഞെട്ടലിലായിരുന്നെങ്കിലും ഗായിക തന്റെ പരിപാടി പൂർത്തിയാക്കിയ ശേഷമാണ് യുവാവിനെ നേരിൽ കാണാൻ എത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുവെച്ചിരുന്ന യുവാവിന് അരികിലേക്ക് എത്തിയ ഗായിക, അയാളോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുഖത്ത് ചവിട്ടുകയായിരുന്നു. മുഖം മറച്ച നിലയിലുള്ള യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ചോൻബുരി പോലീസ് ഗായികയെ കണ്ട് വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും പ്രശ്നം ഒത്തുതീർപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഗായികയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ ഗായിക തന്റെ നിലപാട് വ്യക്തമാക്കി. വേദിയിൽ നിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു കലാകാരിയും ലൈംഗികാതിക്രമം സഹിക്കേണ്ടതില്ലെന്ന് അവർ കുറിച്ചു.”പൊതുപ്രവർത്തകയോ കലാകാരിയോ ആയതുകൊണ്ട് ഒരാളുടെയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അവകാശമില്ല. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം അതിക്രമം ഇല്ലാതാകില്ല.” – ഗായിക വ്യക്തമാക്കി.
തത്സമയ പരിപാടികളിൽ കലാകാരന്മാരുടെ സുരക്ഷയെയും, വ്യക്തിപരമായ അതിർവരമ്പുകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വീണ്ടും തുടക്കമിട്ടിരിക്കുന്നത്.
