സംഗീതത്തിന് അതിർത്തികളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പാകിസ്ഥാൻ ഗായിക നോമൽ റാവു. പ്രശസ്ത മറാത്തി ഗാനമായ ‘അപ്സര ആലി’ അതിമനോഹരമായി ആലപിച്ചാണ് നോമൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബേല ഷെൻഡെ അനശ്വരമാക്കിയ ഈ ഗാനത്തിന്റെ പാകിസ്ഥാൻ പതിപ്പിന് സീ5 മറാത്തിയുടെയും മഹാരാഷ്ട്രയിൽ നിന്നുള്ള സംഗീതപ്രേമികളുടെയും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ തന്റെ സംഗീത വീഡിയോകൾ പതിവായി പങ്കുവെക്കാറുള്ള നോമൽ റാവുവാണ് ഈ മറാത്തി ഗാനവും ആലപിച്ചിരിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ ‘നടരംഗ്’ എന്ന മറാത്തി ചിത്രത്തിലെ ഈ ഗാനത്തിന് അജയ്-അതുൽ കൂട്ടുകെട്ടാണ് സംഗീതം നൽകിയത്. ഗുരു താക്കൂറിന്റെ വരികൾക്ക് ബേല ഷെൻഡെ ശബ്ദം നൽകിയ ഈ ലാവണി ഗാനം മറാത്തി സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്.
വീഡിയോയിൽ, പശ്ചാത്തല സംഗീതം ശ്രദ്ധയോടെ കേട്ട ശേഷം ക്യാമറയിലേക്ക് നോക്കി നോമൽ പാടാൻ തുടങ്ങുന്നത് കാണാം. കണ്ണുകളടച്ച് സംഗീതത്തിൽ പൂർണ്ണമായും ലയിച്ചാണ് അവർ ഓരോ വരിയും ആലപിക്കുന്നത്. “മറാത്തികൾ ഇത് അംഗീകരിക്കുന്നുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് നോമൽ വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. “ഇന്ത്യയുടെ ‘അപ്സര’ പാകിസ്ഥാനിലും മാറ്റൊലിക്കൊള്ളുമ്പോൾ, കലയുടെ ഈ മധുരസംഗമം സവിശേഷമാകുന്നു” എന്നായിരുന്നു സീ5 മറാത്തിയുടെ കമന്റ് .മഹാരാഷ്ട്രയിൽ നിന്നുള്ള നിരവധി പേർ നോമലിന്റെ ആലാപനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
