കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില് കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലിസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികള് മദ്യപിച്ച ബാറുകളിലും അപകടം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും. അമിത വേഗതയില് കാര് ഓടിക്കനിടയായ സാഹചര്യത്തില് പ്രതിയുടെ വിശദീകരണവും പൊലിസ് രേഖപ്പെടുത്തും.
മുമ്പും സമാന രീതിയില് അമിത വേഗതയില് വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങള് പ്രതി സുഹൈല് സജീവ് സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരുന്നു. ഈ കാര്യങ്ങളിലും വിശദാംശങ്ങള് തേടും. കസ്റ്റഡിയില് ലഭിച്ച പ്രതികളെ പൊലിസിന് പുറമെ എക്സൈസും മോട്ടോര് വാഹന വകുപ്പും ചോദ്യം ചെയ്യും.
സുഹൈലിന് പുറമേ ആലപ്പുഴ തുമ്പോളി പാലപ്പറമ്പില് നിനവ്, ആലപ്പുഴ സ്വദേശികളായ ജോയല്, അമീന്(19) എന്നിവരാണ് കേസില് അറസ്റ്റിലായിട്ടുള്ള മറ്റ് പ്രതികള്. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില് വിട്ടത്. ഇന്ന് വൈകിട്ട് വരെ കസ്റ്റഡിയില് വിട്ടതിനാല് വെള്ളിയാഴ്ചയാണ് സുഹൈലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം, പ്രതികള്ക്ക് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തിരുന്നു. സംസ്ഥാന എക്സൈസ് കമ്മിഷണര് എസ്. സാംബശിവറാവുവാണ് മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്. പാലാരിവട്ടം മണ്സൂണ് എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് കോര്ട്ട്യാര്ഡ്, വൈറ്റില ദയ എന്നീ ബാറുകളുടെ ലൈസന്സാണ് സസ്പെന്ഡ് ചെയ്തത്. നോട്ടീസ് ലഭിച്ച 15 ദിവസത്തിനകം ബാര് ലൈസന്സികള് കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
അപകടസമയത്തെ കാറിന്റെ വേഗത കണ്ടെത്താന് പൊലിസ് വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ പരിശോധന നടത്തിയിരുന്നു. നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലുള്ള കാര് ഇന്നലെ വൈകിട്ട് ബിഎംഡബ്ല്യു കമ്പനിയുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. അപകട സമയത്ത് വാഹനം 120 കിലോമീറ്റര് വേഗതയില് ആയിരുന്നതായാണ് പ്രതി സുഹൈല് പൊലിസിന് നല്കിയിട്ടുള്ള മൊഴി.
മിനി കൂപ്പർ അപകടം: പഴുതടച്ച അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസില് പൊലിസിനു വീഴ്ച സംഭവിച്ചെന്ന ആരോപണങ്ങള്ക്കു പിന്നാലെ കേസില് പഴുതടച്ച അന്വേഷണത്തിനൊരുങ്ങി പൊലിസ്. അന്വേഷണത്തിന് പ്രത്യേക സംഘം(എസ്ഐടി) സര്ക്കാര് രൂപവത്കരിച്ചു. ആലൂവ റൂറല് എസ്പി കെ.എസ്. സുദര്ശന്റെ മേല്നോട്ടത്തിലാകും എസ്ഐടി അന്വേഷണം. ഡിവൈഎസ്പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല. പൊലിസ് വീഴ്ച ചൂണ്ടിക്കാട്ടി മരിച്ചവരുടെ കുടുംബാംഗങ്ങളടക്കം രംഗത്തുവന്ന സാഹചര്യത്തില് പ്രതികള്ക്കു പരമാവധി ശിക്ഷ ഉറപ്പാക്കി കുറ്റമറ്റ അന്വേഷണത്തിനാണ് തയാറെടുക്കുന്നത്.
അപകടത്തിനിടയാക്കിയ മിനി കൂപ്പര് ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മന്സിലില് സുഹൈല് സജീവ് സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇയാള് മറ്റ് ലഹരിവസ്തുക്കള് ഉപയോഗിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ഫോറന്സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഇതില് വ്യക്തത വരും. ബിഎന്എസ് 105, 281, 49, 3(5), മോട്ടോര് വാഹന നിയമം 185 എന്നീ വകുപ്പുകള് പ്രകാരമാണു നിലവില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തെളിഞ്ഞാല് കൂടുതല് വകുപ്പുകള് ചുമത്തിയേക്കും.
മത്സരയോട്ടം നടത്തിയോ? ചോദ്യം ചെയ്യാന് പൊലിസ്
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ നാലു പ്രതികളെയും ഇന്നു വൈകുന്നേരം അഞ്ചു വരെ പൊലിസ് കസ്റ്റഡിയില് വിട്ടു. പ്രതികളുമായി അപകടം നടന്ന സ്ഥലത്ത് ഉൾപ്പടെയെത്തി പരമാാവധി തെളിവുകള് ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പ്രതികള് മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. അമിതവേഗത്തില് കാര് ഓടിക്കാനിടയായതിലുള്ള പ്രതിയുടെ വിശദീകരണവും പൊലിസ് രേഖപ്പെടുത്തും. മുമ്പും സമാനരീതിയില് അമിതവേഗത്തില് വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങള് പ്രതി സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരുന്നു. ഈ കാര്യങ്ങളിലും വിശദാംശങ്ങള് തേടും. കസ്റ്റഡിയില് ലഭിച്ച പ്രതികളെ എക്സൈസും മോട്ടോര് വാഹന വകുപ്പും ചോദ്യം ചെയ്യും. സുഹൈലിനുപുറമേ ആലപ്പുഴ തുമ്പോളി പാലപ്പറമ്പില് നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയല്(19), അമീന്(19) എന്നിവരാണ് കേസില് അറസ്റ്റിലായ മറ്റു പ്രതികള്.
വേഗം കണ്ടെത്താന് പരിശോധന
അപകടസമയത്തെ മിനി കൂപ്പറിന്റെ വേഗം കണ്ടെത്താന് പൊലിസ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തി. നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലുള്ള കാര് ഇന്നലെ വൈകുന്നേരം ബിഎംഡബ്ല്യു കമ്പനിയുടെ സംഘത്തിന്റെ നേതൃത്വത്തില് പരിശോധിച്ചു.
കാറിലെ ഇവന്റ് ഡാറ്റാ റിക്കാര്ഡര് (ഇഡിആര്) പരിശോധിച്ചു. കാറിന്റെ വേഗത, സഞ്ചരിച്ച വഴി എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. മിനികൂപ്പര് കാറുകളിലെ ഇഡിആര്, ഇസിയു എന്നീ സംവിധാനങ്ങളില് വേഗവും യാത്രാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തും. ഫോറന്സിക് വിദഗ്ധര്ക്ക് പ്രത്യേക ടൂളുകള് ഉപയോഗിച്ച് ഈ ഡാറ്റ വീണ്ടെടുക്കാന് സാധിക്കും. അപകടസമയത്ത് വാഹനം 120 കിലോമീറ്റര് വേഗത്തിലായിരുന്നതായാണു പ്രതി സുഹൈല് പൊലിസിനു നല്കിയിട്ടുള്ള മൊഴി.
പ്രതികളെ കോടതിയില് എത്തിച്ചത് കനത്ത കാവലില്
പ്രതികള്ക്കു നേരേ പ്രതിഷേധമുണ്ടായേക്കുമെന്ന സൂചനയെത്തുടര്ന്ന് കനത്ത പൊലിസ് കാവലിലാണ് പ്രതികളായ സുഹൈല് സജീവന്, നിനവ്, ജോയല്, അമീര് എന്നിവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് എത്തിച്ചത്. മുഖം മറച്ചാണു പ്രതികള് എത്തിയത്.
കാക്കനാട് ബോസ്റ്റല് സ്കൂളില്നിന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണു പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് എത്തിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്നും 18 വയസ് കഴിഞ്ഞ പ്രതികള്ക്ക് ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നു പ്രോസിക്യൂഷന് വാദിച്ചു.
പ്രതികളെ കസ്റ്റഡിയില് വാങ്ങി തെളിവുണ്ടാക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയില് പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും.
ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
19കാരന് ഓടിച്ച മിനി കൂപ്പര് കാറിടിച്ച് മൂന്നുപേര് മരിച്ച കേസില് പ്രതികള്ക്കു മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. സംസ്ഥാന എക്സൈസ് കമ്മിഷണര് എസ്. സാംബശിവ റാവുവാണ് മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്.
പാലാരിവട്ടം മണ്സൂണ് എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് കോര്ട്ട്യാര്ഡ്, വൈറ്റില ദയ എന്നീ ബാറുകളുടെ ലൈസന്സാണ് സസ്പെന്ഡ് ചെയ്തത്. നോട്ടീസ് ലഭിച്ച 15 ദിവസത്തിനകം ബാര് ലൈസന്സികള് കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര് വേണ്ട നടപടിയെടുക്കണമെന്നും ഉത്തരവില് പറയുന്നു.
