ന്യൂഡല്ഹി: കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുകളില് നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രസര്ക്കാര്. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വാര്ധക്യ, വിധവാ, ഭിന്നശേഷി പെൻഷൻ പദ്ധതികൾ ഇനിമുതൽ ‘പ്രധാനമന്ത്രി’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. 2026-27 മുതല് 2030-31 വരെയുള്ള അഞ്ച് വര്ഷത്തേക്ക് പദ്ധതികള് തുടരാനായി 53,428 കോടി രൂപ മന്ത്രിസഭ വകയിരുത്തിയിട്ടുണ്ട്.
പുതിയ തീരുമാന പ്രകാരം ദേശീയ സാമൂഹിക സഹായ പദ്ധതി ഇനി മുതൽ പ്രധാന് മന്ത്രി സാമാജിക് സഹായത യോജന എന്നറിയപ്പെടും. കൂടാതെ ഇന്ദിരാഗാന്ധി ദേശീയ വാര്ധക്യകാല പെന്ഷന് – പ്രധാന് മന്ത്രി വൃദ്ധാവസ്ഥ പെന്ഷന് യോജന, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്ഷന്- പ്രധാന് മന്ത്രി വിധവാ പെന്ഷന് യോജന, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്ഷന്- പ്രധാന് മന്ത്രി ദിവ്യാംഗ്ജന് പെന്ഷന് യോജന, ദേശീയ കുടുംബാനുകൂല്യ പദ്ധതി – പ്രധാന് മന്ത്രി പരിവാര് ലാഭ് യോജന എന്ന പേരിലും ഇനി മുതൽ അറിയപ്പെടും.
കൂടാതെ ഭിന്നശേഷി പെന്ഷനുള്ള അര്ഹതാ മാനദണ്ഡത്തിലും കേന്ദ്രം വലിയ ഇളവ് വരുത്തി. മുൻപുണ്ടായിരുന്ന 80 ശതമാനം വൈകല്യമെന്നത് 40 ശതമാനമായി കുറയ്ക്കുകയും ജനനം മുതല് അര്ഹത ബാധകമാക്കുകയും ചെയ്തിട്ടുണ്ട്.
