പാഴ്സൽ നൽകുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തട്ടി മാഞ്ഞുപോയ രംഗോലി നിലത്തിരുന്ന് സ്വയം ശരിയാക്കിവെച്ച് ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ്. മുംബൈ സ്വദേശിയായ ദൃഷ്ടി എന്ന യുവതിയുടെ വീടിന് മുന്നിലാണ് മനസ് നിറയ്ക്കുന്ന ഈ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ഈ ചെറുതും എന്നാൽ മഹത്തരവുമായ പ്രവൃത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ദൃഷ്ടി നിർമ്മിച്ച രംഗോലിയിൽ കാൽ തട്ടിയത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ രംഗോലിയിൽ ചില മാറ്റങ്ങൾ കണ്ട ദൃഷ്ടി സിസിടിവി പരിശോധിച്ചപ്പോഴാണ് ഡെലിവറി ഏജന്റിന്റെ ഈ നല്ല പ്രവർത്തി അറിയുന്നത്.
സാധനം കൈമാറിയ ശേഷം മടങ്ങാൻ തുനിയുമ്പോഴാണ് രംഗോലിക്ക് കേടുപാടുകൾ സംഭവിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അവിടെയിരുന്ന് തന്റെ കൈകൾ കൊണ്ട് രംഗോലിയുടെ വിടവുകൾ നികത്തി അത് പഴയതുപോലെയാക്കാൻ അദ്ദേഹം പരിശ്രമിച്ചു.
തനിക്കായി കാത്തിരിക്കുന്ന മറ്റ് ഓർഡറുകളുടെ തിരക്കുകൾക്കിടയിലും ഇത് ശരിയാക്കാൻ സമയം കണ്ടെത്തിയ ഡെലിവറി ഏജന്റിനെ ആളുകൾ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇത്തരം ചെറിയ നന്മകളാണ് മനുഷ്യത്വത്തിലുള്ള വിശ്വാസം നിലനിർത്തുന്നതെന്ന് പലരും കമന്റ് ചെയ്തു.
