കോവിഡിനെതിരേ ആന്റിബോഡി കോക്‌ടെയില്‍ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ ! ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചതും ഇതേ മിശ്രിതം; എന്നാല്‍ വില സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല…

കോവിഡിനെതിരേ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമെന്ന് വിവരം. തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം ഫലപ്രദമെന്നാണ് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍ പറയുന്നത്.

കാസ്‌ഐറിവ്‌ഐമാബ്, ഇംദേവ്‌ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്‌ടെയില്‍ എന്നറിയപ്പെടുന്ന ഈ മരുന്ന്.

രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു.

‘ആന്റിബോഡി മിശ്രിതം കോവിഡിനെിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.’ ഡോ. നരേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയിലെ മൊഹബത്ത് സിംഗ് എന്ന 84കാരനിലാണ് ആദ്യമായി ഈ കോക് ടെയില്‍ പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിര്‍മിച്ച ആന്റിബോഡി മിശ്രിതമാണ് സിംഗിന് നല്‍കിയത്.

‘വിവിധ രോഗങ്ങളുളള വ്യക്തിക്കാണ് കഴിഞ്ഞ ദിവസം മിശ്രിതം നല്‍കിയത്. ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയി. ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടരും.കൂടുതല്‍ വൈറസ് സാന്നിധ്യമുളള വ്യക്തികളിലും കടുത്ത അണുബാധയുള്ളവരിലും വൈറസ് ഇരട്ടിക്കുന്നത് കുറയുന്നുണ്ട്.’ – ഡോ.നരേഷ് പറഞ്ഞു.

അടുത്തിടെയാണ് ആന്റിബോഡി മിശ്രിതത്തിന്റെ ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.

യൂറോപ്യന്‍ യൂണിയനിലും യുഎസിലുമടക്കം ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗിക്ക് ആദ്യ ഏഴു ദിവസങ്ങള്‍ക്കുളളില്‍ മിശ്രിതം നല്‍കുകയാണെങ്കില്‍ 70-80 ശതമാനം പേര്‍ക്കും ആശുപത്രിവാസം ആവശ്യമായി വരുന്നില്ലെന്നും ഡോ. നരേഷ് കൂട്ടിച്ചേര്‍ത്തു.

റോച്ചെ ഇന്ത്യ, സിപ്ല എന്നീ മരുന്നുകമ്പനികളാണ് ആന്റിബോഡി മിശ്രിതം ഇന്ത്യയില്‍ എത്തിയതായി പ്രഖ്യാപിച്ചത്. റോച്ചെയായിരിക്കും മിശ്രിതം നിര്‍മിക്കുന്നത്. സിപ്ല വിതരണം നടത്തും.

ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസിന് 59,750 രൂപയാണ് ഇന്ത്യയിലെ വില. രണ്ടുഡോസ് അടങ്ങുന്ന ഒരുപാക്കിന് എല്ലാ ടാക്‌സും ഉള്‍പ്പടെ 1,19,500 രൂപയാണ് എംആര്‍പി വരുന്നത്.

ഒരു പാക്കറ്റ് രണ്ടുരോഗികള്‍ക്ക് ഉപയോഗിക്കാം. മിശ്രിതം മുന്‍നിര ആശുപത്രികളിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമായിരിക്കും.

കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ചപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ഈ ആന്റിബോഡി മിശ്രിതമാണ് നല്‍കിയത്.

ഗുരുതരാവസ്ഥയില്ലാത്ത രോഗികളുടെയും പന്ത്രണ്ടു വയസ്സു മുതലുളള കുട്ടികളുടെയും ചികിത്സയ്ക്കായി മിശ്രിതം ഉപയോഗിക്കാമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. എന്തായാലും ഇത്ര വിലയുള്ളതിനാല്‍ നിലവില്‍ സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമാണ്.

Related posts

Leave a Comment