ദുർഗാ പൂജക്കാലത്ത് റിക്ഷാ യാത്രയിലൂടെ സോഷ്യൽ മീഡിയയുടെ മനംകവർന്ന കൊൽക്കത്ത ദമ്പതികൾ പുതിയൊരു മനോഹര വീഡിയോയുമായി വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ കാർ യാത്രയ്ക്കിടെ ‘ബഡേ അച്ഛേ ലഗ്തേ ഹേ’ എന്ന ക്ലാസിക് ഗാനം ഒരുമിച്ച് പാടി ആസ്വദിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കൊൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷനിലെ ചാർട്ടേഡ് അക്കൗണ്ടന്റായ അഭിഷേക് മുഖർജിയും ഭാര്യയും മകനുമാണ് വീഡിയോയിലുള്ളത്. ഭാര്യ കാർ ഓടിക്കുമ്പോൾ മുൻസീറ്റിലിരുന്ന് പാട്ടുപാടുന്ന അഭിഷേകും, പിൻസീറ്റിലിരുന്ന് ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കുന്ന കുഞ്ഞു മകനുമാണ് വീഡിയോയിലെ പ്രധാന ആകർഷണം. അഭിഷേക് തന്റെ ഇൻസ്റ്റാഗ്രാം പ്രഫൈലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുമ്പ് ദുർഗാ പൂജ ആഘോഷങ്ങൾക്കിടയിൽ വടക്കൻ കൊൽക്കത്തയിലെ തെരുവിലൂടെ മകനുമൊത്ത് ഇവർ നടത്തിയ റിക്ഷാ യാത്രയുടെ വീഡിയോ വൻതോതിൽ വൈറലായിരുന്നു. ദമ്പതികളുടെ ലാളിത്യം നിറഞ്ഞ പ്രണയം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും, പാവപ്പെട്ടവരുടെ അവസ്ഥയെ റൊമാന്റിസൈസ് ചെയ്യുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ അഭിഷേക് ഒരു സിഇഎസ്സി ഉദ്യോഗസ്ഥനാണെന്ന് വ്യവസായി സഞ്ജീവ് ഗോയങ്ക വ്യക്തമാക്കിയതോടെ ആ വിവാദങ്ങൾക്ക് ശമനമായിരുന്നു.
വിവാദങ്ങളൊന്നുമില്ലാതെ ഒരു കുടുംബത്തിന്റെ ലളിതമായ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുന്ന പുതിയ കാർ യാത്രയുടെ വീഡിയോയും ഇപ്പോൾ നെറ്റിസൺസ് നെഞ്ചിലേറ്റിയിരിക്കുകയാണ്.
