ഗുരുഗ്രാമിൽ വാഹനയാത്രക്കാരനോട് ദീപാവലി സമ്മാനം ആവശ്യപ്പെട്ട ഹോം ഗാർഡിനെതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തു. കാർ തടഞ്ഞുനിർത്തി ബലമായി ദീപാവലി ഗിഫ്റ്റ് ഹാംപർ കൈക്കലാക്കുന്ന ഹോം ഗാർഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ അമർഷത്തിന് വഴിവെച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
വികാസ് ദയാൽ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലാണ് സംഭവം. സഹോദരിയോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന വികാസിനെ ഹോം ഗാർഡ് തടഞ്ഞുനിർത്തുകയും “ഹാപ്പി ദീപാവലി” എന്ന് പറഞ്ഞ് അഭിസംബോധന ചെയ്യുകയുമായിരുന്നു. വാലറ്റ് കയ്യിലില്ലെന്നും യുപിഐ വഴി പണം നൽകട്ടെയെന്നും ചോദിച്ചപ്പോൾ യുപിഐ പണമടവ് സ്വീകരിക്കില്ലെന്ന് ഇയാൾ വ്യക്തമാക്കി.
തുടർന്ന് തനിക്ക് “ദീപാവലി ഗിഫ്റ്റ്” വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന ഒരു ദീപാവലി ഗിഫ്റ്റ് ഹാംപർ വികാസും സഹോദരിയും നൽകിയെങ്കിലും “ഇതിൽ മികച്ചതൊന്നുമില്ലേ?” എന്ന് ചോദിച്ച് തൃപ്തിവരാതെ ഇയാൾ കാറിലെ മറ്റ് പാക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി. “ആരും ഗിഫ്റ്റ് ചോദിച്ചു വാങ്ങാറില്ല” എന്ന് വികാസ് പറഞ്ഞപ്പോൾ “ഗിഫ്റ്റ് ചോദിച്ചു വാങ്ങാനുള്ളതാണ്” എന്നായിരുന്നു ഹോം ഗാർഡിന്റെ മറുപടി. ഒടുവിൽ ഒരു ഗിഫ്റ്റ് പാക്കറ്റുമായി ഇയാൾ മടങ്ങുകയായിരുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗുരുഗ്രാം പോലീസിനെയും ഹരിയാന പോലീസിനെയും ടാഗ് ചെയ്ത് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ, വീഡിയോയിലുള്ളത് സാധാരണ പോലീസ് ഉദ്യോഗസ്ഥനല്ലെന്നും ഹോം ഗാർഡാണെന്നും വ്യക്തമാക്കിയ ഗുരുഗ്രാം പോലീസ്, ഇയാൾക്കെതിരെ പിടിച്ചുപറി കുറ്റത്തിന് കേസെടുത്തതായി അറിയിച്ചു. ഇത്തരം പ്രവർത്തികളോട് ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

