ആഗോള ചിപ്പ് നിർമാണ ഭീമനായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് താൻ ഭാര്യയെ ചതിച്ചതായി ജീവനക്കാർക്കയച്ച ഇന്റേണൽ മെമ്മോയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മീം തരംഗം. ഔദ്യോഗിക കാര്യങ്ങൾക്ക് പുറമെ എഐ അധിഷ്ഠിത വീഡിയോകളും ട്രോളുകളും ഉപയോഗിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നെറ്റിസൺസ് ഈ വാർത്ത ആഘോഷിക്കുന്നത്.
“ഞാൻ എന്റെ ഭാര്യയോട് അവിശ്വസ്തത കാണിച്ചു. എന്റെ പ്രവൃത്തികൾ അവരെയും ഞങ്ങളുടെ മക്കളെയും വേദനിപ്പിച്ചു. ഞാൻ ചെയ്തതിന് ഒരു ഒഴികഴിവുമില്ല, അതിയായി ഖേദിക്കുന്നു,” എന്ന് ജെൻസൻ ജീവനക്കാർക്കയച്ച കത്തിൽ കുറിച്ചു.
എന്നാൽ ഈ വ്യക്തിപരമായ വെളിപ്പെടുത്തലിന് പിന്നിൽ ഗൗരവകരമായ മറ്റ് ചില ആരോപണങ്ങളുമുണ്ട്. ചൈനീസ് ഇന്റലിജൻസുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന അലീസ് ഹുവാങ് എന്ന ചൈനീസ് വ്യവസായിയുമായി ജെൻസൻ നടത്തിയ കൂടിക്കാഴ്ചകൾ അമേരിക്കയിൽ അന്വേഷണത്തിന് വിധേയമായിരുന്നു. എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് ലഭ്യമാക്കാൻ ശ്രമിച്ച മെഗാസ്പീഡ് എന്ന കമ്പനിയുടെ മുൻ മുതിർന്ന ഉദ്യോഗസ്ഥയാണ് അലീസ്.
ഇത്തരമൊരു രഹസ്യാന്വേഷണ വിവാദം പശ്ചാത്തലത്തിലുണ്ടെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ ഒരു ‘റോമാന്റിക്-കോമഡി’ ഡ്രാമ പോലെ ചിത്രീകരിച്ച് എഐ നിർമിത മീമുകളും ട്രോളുകളുമാക്കുകയാണ്. അതേസമയം, ജീവനക്കാർക്കുള്ള സന്ദേശത്തിൽ ജെൻസൻ ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, സമയബന്ധിതമായി പുറത്തുവന്ന ഈ വെളിപ്പെടുത്തൽ വൻ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
