ശ്രീലങ്കയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു കൂട്ടം ഇസ്രായേലി യുവാക്കൾ പ്രദേശവാസിയായ ബോട്ട് ഗൈഡിനെ വെള്ളത്തിലേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നു. എന്നാൽ സംഭവം കേവലം ഒരു തമാശ മാത്രമായിരുന്നുവെന്നാണ് വിനോദസഞ്ചാരികളുടെ വാദം.
ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയിൽ, ഗൈഡ് കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സമയത്ത് സഞ്ചാരികളിൽ ഒരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഇതോടൊപ്പം ബോട്ടിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇത് കണ്ട് ചിരിക്കുകയും ക്യാമറയിൽ പകർത്തുപ്പെടുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി വിനോദസഞ്ചാരികൾ രംഗത്തെത്തി. ഗൈഡിന് അപകടമൊന്നും പറ്റിയിട്ടില്ലെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത തമാശയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. “ഞങ്ങൾ നല്ല കുട്ടികളാണ്, അടുത്ത മാസം സൈന്യത്തിൽ ചേരാൻ പോകുന്നവരാണ്, ഞങ്ങളെ വെറുക്കരുത്” എന്നും ഇവർ കൂട്ടിച്ചേർത്തു.
എന്നാൽ ഈ കാര്യത്തിൽ ഗൈഡിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിനോദസഞ്ചാരികളെ പ്രീതിപ്പെടുത്താൻ വേണ്ടി തൊഴിലാളികൾ ഇത്തരം അപകടകരമായ കാര്യങ്ങൾക്ക് നിർബന്ധിതരാകുന്നുണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. കൂടാതെ ബോട്ട് യാത്രകൾക്കിടയിലുള്ള ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾ സഞ്ചാരികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്നും വിമർശനങ്ങൾ ഉയരുന്നു.
