ദീപാവലി ആഘോഷങ്ങൾ അവസാനിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന പടക്ക അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനങ്ങളുടെ പൗരബോധമില്ലായ്മയ്ക്കെതിരെ രൂക്ഷവിമർശനം. ഡൽഹി മുതൽ ബംഗളൂരു വരെയുള്ള നഗരങ്ങളിൽ റോഡുകൾ നിറയെ കാർഡ്ബോർഡ് പെട്ടികളും പടക്ക അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലാണ്.
ആഘോഷങ്ങൾക്ക് ശേഷം പൊതുസ്ഥലങ്ങൾ ശുചീകരിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ബെംഗളൂരു കൃഷ്ണ രാജേന്ദ്ര മാർക്കറ്റിൽ മാത്രം ഏകദേശം 45 മെട്രിക് ടൺ മാലിന്യമാണ് കോർപ്പറേഷനും മാലിന്യ സംസ്കരണ വിഭാഗവും ചേർന്ന് നീക്കം ചെയ്തത്. ഇതിനായി ജെസിബികളും അധിക കോംപാക്ടറുകളും നിരത്തിയിറക്കേണ്ടി വന്നു.
ഡൽഹിയിലും തെരുവുകൾ നിറയെ പടക്ക അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ നിലയിലാണ്. ഇത് നഗരത്തിലെ വായുമലിനീകരണ തോത് വീണ്ടും ഉയർത്തി. ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 311 കടന്ന് ‘വളരെ മോശം’ അവസ്ഥയിലെത്തി. ചിലയിടങ്ങളിൽ ഇത് 400-ന് അടുത്താണ്. നവംബർ 15 വരെ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതോടെ മലിനീകരണം കുറയാൻ വഴിയൊന്നുമില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ.
ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ തങ്ങൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ സ്വന്തമായി വൃത്തിയാക്കാനുള്ള ബോധം ആളുകൾ കാണിക്കണമെന്നും കാണിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. “ശുചീകരണ തൊഴിലാളികൾ നമ്മുടെ മാലിന്യം മാത്രം കോരിയെടുക്കാൻ ഉള്ളവരല്ല” എന്നും ഉപയോക്താക്കൾ പ്രതികരിച്ചു.
the post:
