സീൻ സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജിത്തു മാധവൻ. സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം വൻ വിജയത്തിലേയ്ക്കാണ് മുന്നേറുന്നത്. ആവേശം എന്ന സിനിമയ്ക്കും ഉടൻ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
സീൻ പ്രസ് മീറ്റിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ‘രോമാഞ്ചം’ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്നതുമാത്രമാണ് താൻ സ്ഥിരീകരിച്ചത് എന്നും ജിത്തു മാധവൻ പറഞ്ഞു.
സീനിനും ആവേശത്തിനും രോമാഞ്ചത്തിനും രണ്ടാം ഭാഗം പ്രഖ്യാപിച്ചു എന്ന ചോദ്യത്തിനായിരുന്നു ജിത്തുവിന്റെ മറുപടി. ‘രോമാഞ്ച’ത്തിന് മാത്രമാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ബാക്കി എല്ലാം രണ്ടാം ഭാഗം ഉണ്ടെന്ന ഊഹങ്ങൾ മാത്രമാണ്. ‘ആവേശ’മാണെങ്കിലും ‘സീനാ’ണെങ്കിലും അത് സെക്കൻഡ് പാർട്ട് അനൗൺസ്മെന്റല്ല.
സിനിമയുടെ കഥ അവസാനിക്കുന്നില്ല എന്ന സൂചനമാത്രമാണത്. ഇതുവരെയുള്ള കഥ മാത്രമല്ല, തിയറ്റർ വിട്ടു പോകുമ്പോൾ ഇനിയും ബാക്കിയുണ്ട് എന്ന തോന്നലിനായി ചെയ്തതാണ്. അതാണ് അത്തരം ഒരു ടെയിൽ എന്‍ഡ് സീക്വൻസ് ചെയ്തത്. ‘രോമാഞ്ച’ത്തിന് മാത്രമാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. സാഹചര്യവും സമയവും അനുകൂലമാകുമ്പോൾ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ‘ആവേശം 2’നെക്കുറിച്ച് ചർച്ച മാത്രമാണ് നടന്നത്. അത് പ്രഖ്യാപിച്ചിട്ടില്ല. ദുൽഖർ – മമിത ബൈജുവുമായി പ്രൊജക്ട് ഇതുവരെ ആലോചിച്ചിട്ടില്ല, എല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്’, ജിത്തു മാധവൻ പറഞ്ഞു.
