രാജ്യത്തെ മില്ലേനിയം സിറ്റി ഉയർന്ന കെട്ടിടങ്ങളും ആഡംബര ജീവിതവും കൊണ്ട് ശ്രദ്ധേയമായ നഗരമാണ്. എന്നാൽ ഗുരുഗ്രാമിന്റെ തിളങ്ങുന്ന ആകാശനഗരത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഭയപ്പെടുത്തുന്ന മറ്റൊരു മുഖമാണ്. രാത്രിയായാൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുകയാണ്.
ദീപാവലി രാത്രിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തോടെയാണ് നഗരത്തിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ചർച്ചയാകുന്നത്. സെക്ടർ 70ന് സമീപം കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഒരു വാൻ ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നെന്നാണ് ആരോപണം. സിനിമയിലെ ചേസിംഗ് രംഗങ്ങളെ ഓർമിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗുരുഗ്രാം സ്വദേശിയായ ശുഭം ജെയിനാണ് തനിക്കും ഭാര്യയ്ക്കും നേരിട്ട ദുരനുഭവം എക്സിലൂടെ പങ്കുവച്ചത്. രാത്രി 11.55ഓടെ ദർബാരിപുർ റോഡിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ഒരു വാഹനം തങ്ങളുടെ കാറിനെ പിന്തുടരുകയും പലതവണ മുന്നിൽ കയറി പെട്ടെന്ന് ബ്രേക്ക് ചെയ്ത് തടയാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ശുഭത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യമൊന്നും സംശയം തോന്നിയില്ല. മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതാണെന്നാണ് കരുതിയത്. എന്നാൽ വാൻ കാറിനെ മറികടന്ന് മുന്നിൽ നിർത്തുകയും അതിലുണ്ടായിരുന്നവർ പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തതോടെ അപകടം മണത്തുവെന്ന് ശുഭം പറയുന്നു.
പിന്നാലെ വാഹനം വേഗത്തിൽ ഓടിച്ച് തങ്ങളുടെ വീടിന്റെ ഗേറ്റിലെത്തുകയായിരുന്നു. അപ്പോഴേക്കും വാൻ പലതവണ കാറിന് കുറുകെ കയറി യാത്ര തടയാൻ ശ്രമിച്ചിരുന്നുവെന്നും ശുഭം വെളിപ്പെടുത്തി.
‘ഇതെല്ലാം ഓർക്കുമ്പോൾ ഇപ്പോഴും ശരീരം വിറയ്ക്കുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ പോലും പേടി മാറിയിട്ടില്ല’ എന്നായിരുന്നു ശുഭത്തിന്റെ വാക്കുകൾ.
എന്നാൽ ഭീഷണി അവിടെയും അവസാനിച്ചില്ല. വീടിന്റെ ഗേറ്റിലെത്തിയ വാനിലുണ്ടായിരുന്നവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എന്നാൽ ഇവർ 20 മിനിറ്റോളം അവിടെ തങ്ങുകയും അകത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തെന്നാണ് ശുഭത്തിന്റെ ആരോപണം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഗുരുഗ്രാം പൊലീസ് ഇടപെട്ടു. ശുഭത്തിന്റെ എക്സ് പോസ്റ്റിന് മറുപടിയുമായി എത്തിയ പൊലിസ്, രജിസ്റ്റർ ചെയ്ത പരാതിയുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നേരിട്ട് സന്ദേശമായി അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
