മുത്തശി ഏകദേശം 18 വർഷമായി മനസിൽ കൊണ്ടുനടന്ന വലിയൊരു ആഗ്രഹം സഫലമാക്കാൻ ഹെലികോപ്റ്ററിൽ വിവാഹവേദിയിലെത്തി ഉത്തർപ്രദേശിലെ ഒരു യുവാവ്. മീററ്റ് സ്വദേശിയായ ഹീര റാണയാണ് ഹാപൂർ ജില്ലയിലെ ദേര ഗ്രാമത്തിലുള്ള തന്റെ വിവാഹവേദിയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്.
വിവാഹഘോഷയാത്രയുമായി വരൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണാൻ ഗ്രാമവാസികളും നാട്ടുകാരും വലിയ തോതിൽ തടിച്ചുകൂടിയിരുന്നു. ഇതോടെ വിവാഹം ഗ്രാമത്തിലെ തന്നെ ഏറ്റവും വലിയ കാഴ്ചയായി മാറി.
വെറുമൊരു ആഡംബരത്തിന് വേണ്ടിയല്ല റാണ ഈ ഹെലികോപ്റ്റർ യാത്ര തെരഞ്ഞെടുത്തത്. തന്റെ കൊച്ചുമകൻ വിവാഹത്തിന് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണണമെന്നത് റാണയുടെ മുത്തശിയുടെ 18 വർഷം പഴക്കമുള്ള സ്വപ്നമായിരുന്നു. മുത്തശിയുടെ ഈ ആഗ്രഹം മനസിൽ സൂക്ഷിച്ചിരുന്ന റാണ, വിവാഹദിനം എത്തിയപ്പോൾ അത് യാഥാർഥ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.
മീററ്റിൽ നിന്ന് ദേര ഗ്രാമത്തിലേക്ക് ഹെലികോപ്റ്ററിൽ എത്തിയ റാണ, വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവിനൊപ്പം അതേ ഹെലികോപ്റ്ററിൽ തന്നെയാണ് തിരികെ മടങ്ങിയത്. ഹെലികോപ്റ്റർ യാത്ര എന്നതിലുപരി, മുത്തശിയോടുള്ള സ്നേഹവും കരുതലും നിറഞ്ഞ ഈ പ്രവൃത്തി ഗ്രാമത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
