ഭാഷയോ ദേശമോ ഒന്നും സംഗീതത്തിന് അതിരുകളല്ലെന്ന് തെളിയിക്കുകയാണ് ജോർജിയയിൽ നിന്നുള്ള ഇവ അന മരിയ. ഷാരൂഖ് ഖാനും കജോളും തകർത്താടിയ ബോളിവുഡ് ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
1995ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയിലെ ‘മെഹന്ദി ലഗാ കേ രഖ്നാ’ എന്ന ഗാനത്തിനാണ് ഇവയുടെ തകർപ്പൻ പ്രകടനം. പാട്ടിനൊപ്പം കൃത്യമായി വരികൾ പാടിയും ചുവടുവച്ചുമുള്ള ഇവയുടെ വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കഴിഞ്ഞു.
തണുപ്പകറ്റാൻ തീ കത്തിച്ചിരിക്കുന്നതിന് സമീപമാണ് കൊച്ചുമിടുക്കിയുടെ നൃത്തം. ചൂടുള്ള വസ്ത്രം ധരിച്ച് തീയുടെ അരികിൽ നിന്ന് ഹിന്ദി പാട്ടിന്റെ വരികൾ തെറ്റാതെ പാടിയും താളത്തിനൊത്ത് ചുവടുവച്ചും ഇവ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പാട്ടിലെ ഓരോ വരിയും മനഃപാഠമാക്കിയതുപോലെയാണ് കൊച്ചുമിടുക്കിയുടെ പ്രകടനം.
ഇതിനിടയിൽ കൈകൾ തീയ്ക്ക് അരികിൽ ചൂടാക്കി വീണ്ടും നൃത്തത്തിലേക്ക് മടങ്ങുന്നുമുണ്ട്. സമീപത്തിരുന്ന് പുഞ്ചിരിയോടെ കൊച്ചുമകളുടെ പ്രകടനം ആസ്വദിക്കുന്ന മുത്തച്ഛനാണ് വിഡിയോയിലെ മറ്റൊരു ആകർഷണം. ഇരുന്നിടത്തുനിന്നുതന്നെ മുത്തച്ഛനും കൊച്ചുമകൾക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. നൃത്തത്തിനിടെ കൈകൾകൊണ്ട് ഹൃദയചിഹ്നം കാണിക്കുന്നതും വിഡിയോയുടെ ഭംഗി കൂട്ടുന്നു.
