കാഞ്ഞങ്ങാട്: 2020 മുതൽ 2025 വരെ അഞ്ചുവർഷം അജാനൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു വേലാശ്വരം സ്വദേശിനിയായ ടി.ശോഭ. സ്വച്ഛ് ഭാരത് അഭിയാനും ഹരിതകേരളവും പോലുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്ന കാലത്ത് പഞ്ചായത്തിൽ അതിനെല്ലാം നേതൃത്വം വഹിച്ചിരുന്നത് ശോഭയായിരുന്നു.
കാലാവധി പൂർത്തിയായപ്പോൾ വീണ്ടും മത്സരിക്കാതെ സാധാരണക്കാരിയായി ഒതുങ്ങിനിന്നു. പിന്നീട് പുതിയൊരു ജോലിക്കായി അന്വേഷണം തുടങ്ങി. നേരത്തേ തയ്യൽക്കാരിയായും തൊഴിലുറപ്പ് മേറ്റായും കുടുംബശ്രീ എഡിഎസ് അംഗവും സിഡിഎസ് ചെയർപേഴ്സണുമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള ശോഭയ്ക്ക് തൊഴിലിന്റെ കാര്യത്തിൽ വലിപ്പച്ചെറുപ്പങ്ങളുണ്ടായിരുന്നില്ല. അങ്ങനെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിലാളിയായി ആളെ എടുക്കുന്നുണ്ടെന്നു കേട്ടപ്പോൾ സ്വയം തയാറായി മുന്നോട്ടുവന്നത്.
ഇതുവരെ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച ആളിന് തൂപ്പുകാരിയായി ജോലിചെയ്യാൻ കഴിയുമോ എന്ന ചോദ്യം പലരിലും നിന്നുണ്ടായി. പക്ഷേ ശോഭയ്ക്ക് അതൊന്നും വലിയ കാര്യമായിരുന്നില്ല. ചുരിദാറിനു മുകളിൽ സ്വച്ഛ് ഭാരത് തൊഴിലാളിയുടെ ഓവർകോട്ടും കൈയുറയും മാസ്കും തൊപ്പിയുമായി ശോഭ ജോലിക്കു ഹാജരായി.
പഞ്ചായത്ത് പ്രസിഡന്റായിരിക്കേ എത്രയോ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ഹരിതകർമസേന പ്രവർത്തകർക്കൊപ്പം ശുചീകരണത്തിൽ പങ്കാളിയായിട്ടുള്ള ശോഭയ്ക്ക് അവർ ചെയ്യുന്ന ജോലിയുടെ മൂല്യവും മഹത്വവും എത്രത്തോളമാണെന്ന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ശോഭ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്. സ്റ്റേഷൻ പരിസരത്തും റെയിൽപാളങ്ങളുടെ ഇടയിലും പ്ലാറ്റ്ഫോമിലുമെല്ലാം സദാസമയവും കർമനിരതരായിരിക്കുന്ന ശുചീകരണ തൊഴിലാളികളിലൊരാൾ മാസങ്ങൾക്കു മുമ്പുവരെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആളാണെന്ന് യാത്രക്കാർക്കൊന്നും അറിയില്ല.
അങ്ങനെ പറഞ്ഞറിയിക്കണമെന്ന് ശോഭയ്ക്ക് നിർബന്ധവുമില്ല. ഭർത്താവ് ടി. ദാമോദരൻ കൂലിത്തൊഴിലാളിയും പാചകത്തൊഴിലാളിയുമാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആദർശ്, ശരത്, എൻജിനിയറിംഗ് ബിരുദധാരിയും സർക്കാർ സർവീസിൽ താത്കാലിക ജീവനക്കാരിയുമായ ആതിര എന്നിവരാണ് മക്കൾ.
