ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral Hepatitis). മറ്റു പല കാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളില്‍ കണ്ടുവരുന്നത്.
ഈ രണ്ട് വൈറസുകള്‍ കാരണം മാത്രം പതിനൊന്നു ലക്ഷത്തിലധികം രോഗികള്‍ എല്ലാവര്‍ഷവും മരണപ്പെടുകയും ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകള്‍ പുതുതായി രോഗബാധിതര്‍ ആവുകയും ചെയ്യുന്നതായാണ് കണക്കുകള്‍.
പുതിയ കണക്കുകൾ പ്രകാരം വൈറല്‍ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ലോകത്തു ദിവസവും ഏകദേശം 3,500ല്‍ അധികം പേര് വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നത്.
- ഹെപ്പറ്റൈറ്റിസ് – ലിവര്‍ കാന്‍സറിന്റെ ഏറ്റവും പ്രധാന കാരണം
അതിതീവ്രമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം 13 ലക്ഷം മരണങ്ങള് ഓരോ വര്‍ഷവും സംഭവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏകദേശം 8000 പുതിയ ഹെപ്പറ്റൈറ്റിസ് അണുബാധകള്‍ ഓരോ ദിവസവും ആരുമറിയാതെ സംഭവിക്കപ്പെടുന്നു.
പ്രതിരോധ സംവിധാനങ്ങളിലൂടെ തടയാവുന്നതും, ചികിത്സിച്ച് ഭേദപ്പെടുത്താനാവുന്നതുമായ ഒരസുഖം ഇത്തരത്തില്‍ പടര്‍ന്നു പിടിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു.
- രോഗാണുബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുക എന്നതാണ് കരളിലെ കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള ആദ്യ പടിയായി നാം ഓരോരുത്തരും ചെയ്യേണ്ടത്.
- 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് ഈ ലോകത്ത് നിന്നു തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഇപ്പോള്‍ മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
രോഗബാധിതനാണോ…പരിശോധിച്ചറിയൂ
· ഹെപ്പറ്റൈറ്റിസ് രോഗബാധിതനാണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ ഉടന്‍ നടത്തുക.
· നവജാത ശിശുക്കളില്‍ ഹെപ്പറ്റൈറ്റിസ് വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കുക.
· ഹെപ്പറ്റൈറ്റിസ് രോഗികള്‍ ശരിയായ ചികിത്സയ്ക്കായി ഇനിയും കാലതാമസം വരുത്താതിരിക്കുക.
· പ്രതിരോധ കുത്തിവയ്പ്പ്, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം, കൃത്യമായ ചികിത്സാ മാര്‍ഗങ്ങള്‍ എന്നീ സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകുന്നുണ്ടോ എന്നും അതിന്റെ പ്രാധാന്യത്തെ പറ്റി സമൂഹത്തിന് ബോധ്യമുണ്ടെന്നും ഉറപ്പാക്കുക.
വിവരങ്ങൾ – ഡോ. സുഭാഷ് ആർ.
കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്,
എസ്യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
