കാസര്‍ഗോഡ്: ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫി പറമ്പിലിന് വേണ്ടിയാണ് രാഹുൽ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു.
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’ കാസര്‍ഗോഡ് എംപി പറഞ്ഞു. ശിഷ്യനും ആശാനും കുടുങ്ങുന്ന പലതും തന്റെ ഡയറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഷാഫി ‘എ’ ഗ്രൂപ്പുകാരനല്ല. ഷാഫി ‘എ’ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണ്. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണ്. ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ജെ.എസ് അഖിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം ഷാഫി അട്ടിമറിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ, മിണ്ടാത്തവരാണ് ഇന്ന് അനുയായികൾ എന്ന് പറഞ്ഞ് നടക്കുന്നതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താനും സിദ്ദിഖും മാത്രമാണുണ്ടായിരുന്നത്. തന്നെ പ്രകോപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
