തൃത്താല: പാലക്കാട് തൃത്താലയിൽ ക്ലാസ് റൂമിൽ വിദ്യാർഥിക്ക് വെടിയേറ്റു. പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11നാണ് സംഭവം. ഒമ്പതാംക്ലാസുകാരനാണ് സഹപാഠിയുടെ വെടിയേറ്റത്. തോളിനു വെടിയേറ്റ വിദ്യാർഥി ചികിത്സയിലാണ്. നാടൻ തോക്കാണെന്നാണ് നിഗമനം.
കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്ക് കൊണ്ടുവന്നത്. അഞ്ചുമൂല സ്വദേശിയായ സഹപാഠിക്കു നേരെ മൂന്നു തവണ വെടിയുതിർത്തതായാണ് വിവരം. ആദ്യ വെടി തറയിലും രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് സഹപാഠിയുടെ തോളിൽ കൊണ്ടത്.
